തയ്വാനിലെ പ്രതിപക്ഷ പാർട്ടിയായ കുമിൻതാങ് വൈസ് ചെയർമാൻ ആൻഡ്രൂ ഹിസിയയുടെ ചൈന സന്ദർശനം വിവാദമാകുന്നു. യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചതിൽ രോഷാകുലരായി ചൈന തയ്‍വാനു ചുറ്റും സൈനികാഭ്യാസം നടത്തി ഭീഷണി മുഴക്കുന്നതിനിടെ ഈ മാസം 10നാണ് ആൻഡ്രൂ ചൈനയിലേക്കു തിരിച്ചത്. തയ്‌വാനിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നവംബറിൽ തിരഞ്ഞെടുപ്പു നടക്കുകയാണ്. ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങളെ എതിർത്ത് ജനാധിപത്യത്തിനായി നിലകൊള്ളുന്ന ഡിപിപിക്ക് നിർണായകമാണിത്.
നിലവിൽ 22 ൽ 14 സീറ്റും കുമിൻതാങ് പാർട്ടിക്കാണെങ്കിലും ഇക്കുറി ചൈന ബന്ധം തിരഞ്ഞെടുപ്പു വിഷയമാകാനിടയുണ്ട്. ചൈന, യുഎസ് നയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയാലേ കുമിൻതാങ്ങിന് ദേശീയതലത്തിൽ പ്രതാപം തിരിച്ചുപിടിക്കാനാവൂ. ജനാധിപത്യത്തിനും സമാധാനത്തിനും നാടിന്റെ വികസനത്തിനും കുമിൻതാങ്ങാണ് നല്ലതെന്ന സന്ദേശം നൽകാനുള്ള തീവ്രശ്രമത്തിലാണവർ. പെലോസിയുടെ സന്ദർശനത്തെ ഇരു പാർട്ടികളും സ്വാഗതം ചെയ്യുന്നു എന്നതാണ് കൗതുകകരം. തയ്‌വാന്റെ ഭാവിക്കും ജനാധിപത്യത്തിനും ഇതു ഗുണകരമാണെന്ന് ഇരുവരും പറയുന്നു. യുവജനങ്ങൾക്ക് ഡിപിപി നയങ്ങളോടാണ് ആഭിമുഖ്യം കൂടുതൽ.