തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: ഓക്ടോബര്‍ അവസാനത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ ആരോഗ്യവകുപ്പ് പച്ചക്കൊടി കാണിച്ചതോടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കി സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പ്രചാരണത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അടക്കം ആലോചിക്കുകയാണ്. എന്നാല്‍ 65 വയസിന് മുകളിലുളളവര്‍ എങ്ങനെ വോട്ട് ചെയ്യും കണ്ടെന്‍മെന്റ് സോണുകളില്‍ ബൂത്തുകളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തവരാനുണ്ട്. ഇതില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാടറിയക്കണമെന്നാണ് പ്രതിപക്ഷരാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പേര് ചേര്‍ക്കുന്നതിന് ബുദ്ധിമുട്ടാണെന്ന ആക്ഷേപമാണ് ബിജെപി ഉന്നയിക്കുന്നത്. പുതുതായി പേര് ചേര്‍ക്കുന്നവരുടെ പരിശോധന വീടുകളിലെത്തി നടത്തണമെന്നാണ് ആവശ്യം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Top