തൃശൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടിക തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും.വൈകിട്ട് 5നു പ്രത്യേക വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. ആറിനു മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ.ഗെസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റര്‍ റോഡ് ഷോ നടത്തും.
നാളെ രാവിലെ 6നു ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകും. 7.40 മുതല്‍ 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററില്‍ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്ര ദര്‍ശനം.
തുടര്‍ന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 12ന് വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്യാഡിന്റെ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിന്‍ പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈന്‍ഡ്രൈവില്‍ ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തില്‍ പ്രസംഗിച്ചശേഷം ഡല്‍ഹിക്കു മടങ്ങും.