മീററ്റ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന പേരില്‍ അഭിസംബോധന ചെയ്ത മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാനെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് നീക്കി.
മധ്യപ്രദേശിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഇടപെട്ട രാഹുലിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തവെ സമൂഹമാധ്യമമായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചാറ്റിലാണ് രാഹുലിനെ പപ്പുവെന്ന് വിളിച്ചത്.
എന്നാല്‍ പ്രധാന്‍ ആരോപണം നിഷേധിച്ചു. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ഫോട്ടോഷോപ്പ് ചെയ്തവയാണെന്നും തന്നോടു വിശദീകരണം തേടാതെയാണു നടപടിയെന്നും വിനയ് പ്രധാന്‍ വ്യക്തമാക്കി.
തന്നെ കരിവാരിത്തേക്കാനുള്ള നടപടിയാണിതെന്നും രാഹുലിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തെ ഒരിക്കലും ഇത്തരം ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കില്ല. രാഹുലിനെ നേരിട്ടു കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും വിനയ് പ്രധാന്‍ പറഞ്ഞു.
‘സ്വന്തം താല്‍പ്പര്യത്തെക്കാള്‍ രാഹുല്‍ പ്രധാന്യം നല്‍കുന്നതു രാജ്യതാല്‍പ്പര്യത്തിനാണെന്നും അദാനി, അംബാനി, മല്യ എന്നിവര്‍ക്കൊപ്പം പപ്പുവിനു ചേരാമായിരുന്നെങ്കിലും അദ്ദേഹം അതു ചെയ്തില്ല. മന്ത്രിയോ പ്രധാനമന്ത്രിയോ ആകാമായിരുന്നെങ്കിലും പപ്പു ആ വഴിക്കു പോയില്ല. എന്നാല്‍ മധ്യപ്രദേശിലെ കര്‍ഷകരുടെ അടുത്തേക്കു പോകാനാണ് അദ്ദേഹം താല്‍പ്പര്യപ്പെട്ടത്’ എന്നാണ് രാഹുലിനെ പുകഴ്ത്തി വിനയ് പ്രധാന്‍ അയച്ച സന്ദേശം