വീടുകളുടെ സുരക്ഷ ഇപ്പോഴും ഉറപ്പാക്കിയിട്ടില്ല, സബ് കളക്ടര്‍ പറഞ്ഞ വാക്ക് പാലിച്ചില്ല! നാട്ടുകാര്‍

കൊച്ചി: മരട് ഫ്‌ലാറ്റ് പൊളിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആശങ്ക ഒഴിയാതെ നാട്ടുകാര്‍.
ആല്‍ഫാ സെറീന്‍ ഫ്‌ലാറ്റിന് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചിരിക്കുകയാണ്. ആളുകളെ ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.

മാത്രമല്ല പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ താല്‍ക്കാലിക ക്യാമ്പുകളില്‍ ഭക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രദേശത്ത് നിന്നും രാവിലെ ഒമ്പതുമണിക്ക് ഒഴിഞ്ഞുപോകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കായി രണ്ട് ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

50 മീറ്റര്‍ ചുറ്റളവിലെ വീടുകള്‍ക്ക് സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് സബ്കലക്ടര്‍ എല്ലാ യോഗങ്ങളിലും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരേയും അതൊന്നും നടപ്പാക്കിയിട്ടില്ല. വീടുകള്‍ മൂടുമെന്നും ഭിത്തിക്ക് വിള്ളല്‍ വീഴാതിരിക്കാന്‍ മണല്‍ചാക്കുകളിട്ട് മൂടുമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതൊന്നും ചെയ്തിട്ടില്ല. എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നത്.

10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59. നീണ്ട സൈറണ്‍. പതിനൊന്ന് മണിക്ക് ഫ്‌ളാറ്റ് സമുച്ചയം തകര്‍ക്കും. ആകെ നാല് തവണയാണ് സൈറണ്‍ മുഴങ്ങുന്നത്. ഇത് സ്‌ഫോടനം അവസാനിക്കും വരെ നീണ്ടുനില്‍ക്കും.

സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുമ്പോഴേക്കും ഫ്‌ളാറ്റില്‍ സ്‌ഫോടനം നടക്കും. ഹോളിഫെയ്ത്തിന്റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂര്‍- തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല.

ഹോളി ഫെയ്ത്ത് തകരാന്‍ 10 സെക്കന്റ്. ശേഷം വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍ കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.

Top