കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാര്‍; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

വയനാട്: വാകേരിയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വീണ്ടും കണ്ടതായി നാട്ടുകാര്‍. ശ്രീനാരായണപുരം 90ലാണ് കടുവയെ കണ്ടത്. വനംവകുപ്പിന്റെ സിസിടിവിയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അതേസമയം കടുവയെ ലൊക്കേറ്റ് ചെയ്തതായും സൂചനയുണ്ട്.

തെരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസമാണ് കടുവയെ കണ്ടെത്തിയതായ സൂചന ലഭിക്കുന്നത്. ആര്‍ആര്‍ടി അംഗങ്ങളടക്കം ചെതലയം, മേപ്പാടി കല്‍പ്പറ്റ ഡിവിഷനിലുള്‍പ്പെട്ട അറുപതംഗ ദൗത്യസംഘമാണ് കടുവയ്ക്കായി മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലുകള്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കടുവയെ പിടികൂടാനായി വനം വകുപ്പ് കൂടുതല്‍ ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്.

വയനാട് സ്വദേശി പ്രജീഷ് ഡിസംബര്‍ 9നാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ പ്രജീഷിനെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

Top