കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍

കോട്ടയം: കോട്ടയത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. കോട്ടയം സിഎംഎസ് കോളജിന് സമീപം നെടുമാലിയില്‍ ഔസേഫ് ജോര്‍ജിന്റെ (85) മൃതദേഹമാണ് നാട്ടുകാര്‍ തടഞ്ഞത്.

കളക്ടറേറ്റിനു സമീപം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് തടഞ്ഞത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് തടസം സൃഷ്ടിച്ചു. ജനപ്രതിനിധികളെ പോലും അറിയിക്കാതെ രഹസ്യമായാണ് മൃതദേഹം കൊണ്ടുവന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കോട്ടയത്തെ ആദ്യത്തെ കോവിഡ് മരണമായിരുന്നു ഇത്.

Top