400 കോടിയിലേറെ ജനങ്ങള്‍ ലോക്ഡൗണില്‍; 3 ലക്ഷം കോവിഡ് മരണമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്‌

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുകയാണ് കോവിഡ്. ഓരോ ദിവസം ചെല്ലുന്തോറും രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആഫ്രിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 6 മാസത്തിനുള്ളില്‍ ഒരുകോടിയാകാന്‍ സാധ്യതയെന്നു ലോകാരോഗ്യസംഘടന. മാത്രമല്ല ഈവര്‍ഷം 3 ലക്ഷം കോവിഡ് മരണമുണ്ടാകുമെന്നു മറ്റൊരു പഠനം.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ മരണസംഖ്യ 33 ലക്ഷം വരെ ഉയരാമെന്ന്‌ യുഎന്‍ സാമ്പത്തിക സമിതി വിലയിരുത്തുന്നത്.

ഓരോ രാജ്യങ്ങളിലെ കേസുകള്‍

റഷ്യ: 32,000 രോഗികള്‍. ഒറ്റ ദിവസം നാലായിരത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറെയും മോസ്‌കോയിലും പരിസരപ്രദേശങ്ങളിലുമാണ്.

സിംഗപ്പുര്‍: ഒറ്റദിവസം 728 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രോഗികളുടെ എണ്ണം 4000 കടന്നു. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തിയ തൊഴിലാളികളാണ് രോഗബാധിതരില്‍ ഏറെയും.

യുകെ: 3 ആഴ്ചകൂടി ലോക്ഡൗണ്‍ നീട്ടി. ലണ്ടനില്‍ മേയര്‍ യാത്രയ്ക്കിടയിലും ഷോപ്പിങ്ങിനും മാസ്‌ക് നിര്‍ബന്ധമാക്കി .

ഓസ്‌ട്രേലിയ: ജനജീവിതം സാധാരണ നിലയിലെത്താന്‍ ഒരുവര്‍ഷം വേണ്ടിവന്നേക്കുമെന്ന് പ്രധാനമന്ത്രി. ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും ഒന്നരമീറ്റര്‍ അകലം പാലിക്കണമെന്ന നിയമം തുടരും.

സ്‌പെയിന്‍: ഒറ്റദിവസം 585 മരണം.

ബംഗ്ലദേശ്: രാജ്യം മുഴുവന്‍ കോവിഡ് ഭീഷണിയിലെന്ന് പ്രഖ്യാപനം. യാത്രാവിലക്കും കര്‍ശനമാക്കി.

ജര്‍മനി: രോഗം നിയന്ത്രണത്തിലെന്ന് ആരോഗ്യമന്ത്രി. അടുത്തയാഴ്ച വ്യാപാരസ്ഥാപനങ്ങളും മേയ് ആദ്യത്തോടെ സ്‌കൂളുകളും തുറക്കും.

ദക്ഷിണ കൊറിയ: തുടര്‍ച്ചയായി അഞ്ചാം ദിനവും പുതിയ കേസുകള്‍ കുറഞ്ഞു.

ഫിലിപ്പന്‍സ്: ജയിലില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യം

മ്യാന്‍മര്‍: പരമ്പരാഗത പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാല്‍ലക്ഷം തടവുകാര്‍ക്കു പൊതുമാപ്പ്.

ഗ്വാട്ടിമാല: യുഎസില്‍നിന്നു നാടുകടത്തിയ 44 പേര്‍ക്ക് രോഗബാധ

ഇന്തൊനീഷ്യ: മേയ്, ജൂണില്‍ രോഗികളുടെ എണ്ണം 95,000 ആകുമെന്നു പ്രവചനം.

ബ്രസീലിലെ ജനപ്രിയ ആരോഗ്യമന്ത്രിയെ പ്രസിഡന്റ് പുറത്താക്കി. ഡോക്ടര്‍ കൂടിയായ ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡെറ്റയുടെ കോവിഡ് പ്രതിരോധ നടപടികള്‍ പ്രശംസ നേടിയിരുന്നു. എന്നാല്‍ കോവിഡ് ചെറിയ പനി മാത്രമാണെന്ന് അഭിപ്രായമുള്ള പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ, ആരോഗ്യമന്ത്രി ലോക്ഡൗണ്‍ പോലുള്ള നടപടി സ്വീകരിച്ചതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

ആരോഗ്യമന്ത്രിയായി മറ്റൊരു ഡോക്ടറെതന്നെയാണ് നിയമിച്ചിരിക്കുന്നത്. അതേസമയം, ബ്രസീലില്‍ 30,000ല്‍ ഏറെപ്പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 2000 പേര്‍ മരിച്ചു.

ബെയ്ജിങ്: ചില രാജ്യങ്ങള്‍ കോവിഡ് മരണം ഒളിച്ചുവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചതിനു പിന്നാലെ ചൈന മരണസംഖ്യ പുതുക്കി. ഒറ്റയടിക്ക് 1,290 മരണങ്ങള്‍ കൂട്ടി. ഇതോടെ മൊത്തം മരണം 4,632. നേരത്തേ ഇത് 3,342 ആയിരുന്നു. രോഗികളുടെ എണ്ണത്തില്‍ വര്‍ധന 325. മൊത്തം രോഗികള്‍ 82,692. ഇതില്‍ 50,333 പേര്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ മാത്രമാണ്. രോഗം ഭേദമായവര്‍ 78,060. തുടക്കത്തില്‍ പലരും വീടുകളില്‍ മരിച്ചെന്നും അവ രേഖപ്പെടുത്തുന്നതില്‍ പിഴവുണ്ടായെന്നുമാണ് വുഹാന്‍ മുനിസിപ്പാലിറ്റിയുടെ വിശദീകരണം.

ലോകത്താകെ രോഗബാധിതര്‍ 22,18,590,മരണം 1,49,860, രോഗമുക്തര്‍ 5,60,672

Top