രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. മെയ് 17 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് സോണ്‍ ഒഴികെയുള്ള സോണുകളില്‍ ഇളവുകള്‍ അനുവദിക്കും. ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ട്രെയിന്‍- വിമാന- മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.

എല്ലാ സോണിലും ക്ലിനിക്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ നിയന്ത്രിത മേഖലയില്‍ ക്ലിനിക്കുകള്‍ തുറക്കില്ല. ഓറഞ്ച് സോണില്‍ ഒരു യാത്രക്കാരനുമായി ടാക്‌സി സര്‍വീസ് നടത്താവുന്നതാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് 17 വരെ തുറക്കില്ല.

തിയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയില്‍ വിഭജനമുണ്ടാകും.

Top