ലോക്ക്ഡൗണ്‍ 5.0 അല്ല, ഇത് അണ്‍ലോക്ക് വണ്‍; രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമ്പോള്‍ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തെ വിശേഷിപ്പിക്കുന്നത് ‘അണ്‍ലോക്ക് വണ്‍’ എന്നാണ്. ലോക്ക്ഡൗണിന് പുറത്തേക്ക് എന്നര്‍ത്ഥം. ഇത് ലോക്ക്ഡൗണിന്റെ അഞ്ചാംഘട്ടമല്ല പകരം അണ്‍ലോക്ക് ഒന്നാംഘട്ടമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗണിന് പുറത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുക.

രാജ്യത്ത് പ്രഖ്യാപിച്ച അണ്‍ലോക്ക് വണ്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍ ഇങ്ങനെ

തീവ്രബാധിതമേഖലകള്‍ അല്ലാത്ത പ്രദേശത്ത് എല്ലാ മേഖലകളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പക്ഷേ, ചില മേഖലകളില്‍ നിയന്ത്രണങ്ങളുണ്ട്. നിലവില്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് (Standard Operating Procedures) മാത്രമേ ഇവിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ.

ഘട്ടം 1
ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്ക് ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഇവിടങ്ങളില്‍ പ്രവര്‍ത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ വേണം എന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ഘട്ടം 2
സ്‌കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം, തുറക്കും. എല്ലാ സംസ്ഥാനങ്ങളും അതാത് മേഖലകളിലെ അധികൃതരോട് ചര്‍ച്ച നടത്തിയ ശേഷം, ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ജൂലൈ മുതല്‍ ഇവ ഏതാണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോകും. ഇവിടെയും, പ്രവര്‍ത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ വേണം എന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ഘട്ടം 3

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം താഴെപ്പറയുന്ന മേഖലകള്‍ നിയന്ത്രണങ്ങളോടെ എപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാം/ തുറക്കാം/ തുടങ്ങാം എന്ന് തീരുമാനിക്കും.

1) അന്താരാഷ്ട്ര വിമാനയാത്രകള്‍ (കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഇല്ലാത്തത്)
2) മെട്രോ റയില്‍ സംവിധാനം
3) സിനിമാ ഹാളുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്റര്‍ടെയിന്‍മെന്റ് പാര്‍ക്കുകള്‍, തീയറ്ററുകള്‍, ബാറുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, സമാനമായ മറ്റിടങ്ങള്‍
4) സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, മത ചടങ്ങുകളും, നിരവധി ആളുകള്‍ ഒന്നിച്ചു കൂടുന്ന അത്തരം പ്രദേശങ്ങളും.

കൊവിഡ് നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ ദേശവ്യാപകമായി പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണിത്. ഇത് അനുസരിച്ച് മാത്രമേ വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ പരിഗണിക്കാനാവൂ. വേണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങളാകാം. പക്ഷേ, കേന്ദ്ര അനുമതിയില്ലാതെ ഇളവുകള്‍ പാടില്ല.

രാജ്യത്തെ നൈറ്റ് കര്‍ഫ്യൂവില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. നിലവില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 7 മണി വരെയാണ് ലോക്ക്ഡൗണ്‍ നൈറ്റ് കര്‍ഫ്യൂ നില നിന്നിരുന്നതെങ്കില്‍ അണ്‍ലോക്ക് ഒന്നാംഘട്ടത്തില്‍ നൈറ്റ് കര്‍ഫ്യൂ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാക്കി മാറ്റി. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഇതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ അനുമതിയുണ്ടാകും.

ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമേ നിലനില്‍ക്കൂ. ജില്ലാ അധികാരികള്‍ക്കാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കാന്‍ അധികാരം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമായിരിക്കണം ഇത് നിശ്ചയിക്കേണ്ടത്. അത്യാവശ്യസേവനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പാടുള്ളൂ. ഈ മേഖലകളില്‍ നിന്ന് ആളുകള്‍ പുറത്തുപോകുന്നത് കര്‍ശനമായി തടയും. അതല്ലെങ്കില്‍ അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയോ, അവശ്യചരക്ക് നീക്കത്തിനോ വേണ്ടി മാത്രമായിരിക്കണം യാത്ര.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍, കോണ്ടാക്ട് ട്രേസിംഗ് ശക്തിപ്പെടുത്തണം. വീടുവീടാന്തരം നിരീക്ഷണം ശക്തമാക്കണം, വൈദ്യസഹായം ഉറപ്പാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ബഫര്‍ സോണുകള്‍ ഉണ്ടാകണം. പുതിയ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടേയിരിക്കണം. ഇവിടെ എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്, ജില്ലാ അധികൃതര്‍ തീരുമാനിക്കണം.

അതേസമയം, അന്തര്‍സംസ്ഥാനയാത്രകള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങളില്ല. ഇതിനായി പ്രത്യേക പാസ്സുകളോ, അനുമതിയോ, ഇ – പാസ്സോ ആവശ്യമില്ല. ഏതെങ്കിലും സംസ്ഥാനം അന്തര്‍സംസ്ഥാനയാത്രയ്‌ക്കോ, സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള യാത്രകള്‍ക്കോ നിയന്ത്രണവും അനുമതിയും വേണമെന്ന് തീരുമാനിച്ചാല്‍ അതിന് കൃത്യമായ ബോധവത്കരണം നടത്തണം.

ജനങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കണം. ശ്രമിക് തീവണ്ടികളും, യാത്രാ തീവണ്ടികളും, ആഭ്യന്തരവിമാനയാത്രകളും, വിദേശങ്ങളില്‍ കുടുങ്ങിയ ഇന്‍്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതും, ഇവിടെ കുടുങ്ങിയ വിദേശികളെ തിരികെ കൊണ്ടുപോകലും തുടരും. അന്തര്‍സംസ്ഥാന ചരക്കുനീക്കവും, അയല്‍രാജ്യങ്ങളിലേക്ക് കരാറുകളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള ചരക്കുനീക്കവും അനുവദിക്കും.

Top