ലോക്ക്ഡൗണ്‍ വിമാന ടിക്കറ്റ്; 74.3 ശതമാനം യാത്രക്കാർക്ക് റീഫണ്ട് നൽകി

ന്യൂഡൽഹി: ലോക്ക്ഡൗണിന് മുമ്പ് വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത 74.3 ശതമാനം യാത്രക്കാരുടെ റീഫണ്ട് നൽകി പ്രമുഖ എയര്‍ലൈനുകൾ. യാത്രക്കാർക്ക് 3,200 കോടി രൂപയാണ് റീഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഒക്ടോബര്‍ 1- ന് യാത്രക്കാരുടെ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് സുപ്രീം കോടതി നിര്‍ദേശം നൽകിയിരുന്നു. മാര്‍ച്ച് 25-നും മെയ് 24നും ഇടയിൽ രാജ്യത്ത് എല്ലാ ഷെഡ്യൂൾഡ് ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകൾ നിര്‍ത്തി വെച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മൂന്ന് വിഭാഗങ്ങളിലായാണ് ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ യാത്രക്കാരെ തിരിച്ചിരുന്നു. മാര്‍ച്ച് 25നും മെയ് 24നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്തവര്‍, മാര്‍ച്ച് 21ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍, മെയ് 24ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍. ഇവരിൽ നിന്നാണ് അര്‍ഹര്‍ക്ക് റീഫണ്ട് നൽകുന്നത്.ആദ്യത്തെ വിഭാഗത്തിൽ ഉള്ളവര്‍ക്കാണ് ഇപ്പോൾ മുഴുവൻ തുകയും അനുവദിച്ചിരിക്കുന്നത്.

രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ക്ക് 15 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും തിരികെ ലഭിച്ചേക്കും എന്നാണ് സൂചന. മൂന്നാമത്തെ വിഭാഗത്തിൽ പെട്ടവര്‍ക്കും ഏവിയേഷൻ മന്ത്രാലയത്തിൻെറ മാനദണ്ഡങ്ങൾക്കനുസൃതമായി റീഫണ്ട് ലഭിച്ചേക്കും. സാമ്പത്തിക ബാധ്യത മൂലം ഏതെങ്കിലും എയര്‍ലൈനുകൾക്ക് റീഫണ്ട് നൽകാൻ ആകില്ലെങ്കിൽ ടിക്കറ്റ് തുകയ്ക്ക് അനുസരിച്ച ക്രെഡിറ്റ് ഷെൽ ലഭിയ്ക്കും. പിന്നീട് 2021 മാര്‍ച്ച് 31വരെയുള്ള യാത്രയ്ക്കായി ഇത് ഉപയോഗിയ്ക്കാം.

Top