കൊല്‍ക്കത്ത: ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാവും പ്രവര്‍ത്തനാനുമതി. കൊല്‍ക്കത്ത മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ രാവിലെ പത്ത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂവെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവൃത്തിസമയം രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി കുറച്ചു. മറ്റെല്ലാം വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം.
അതേസമയം, തേയില തോട്ടങ്ങളില്‍ അമ്പത് ശതമാനം ആളുകള്‍ക്ക് ജോലി ചെയ്യാം. ആളുകള്‍ കൂട്ടം കൂടുന്ന സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ഭരണപരമായ കൂടിച്ചേരലുകളും ചടങ്ങുകളും നടത്തുന്നതിന് വിലക്കുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹച്ചടങ്ങുകള്‍ നടത്താം. അമ്പതില്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.