ബംഗളൂരുവില്‍ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ശക്തമാക്കി

ബംഗളൂരു: ബംഗളൂരുവില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിയന്ത്രണം ശക്തമാക്കി. ഇതനുസരിച്ച് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പുലര്‍ച്ച അഞ്ചു മുതല്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും തുറക്കുക. മറ്റു വാണിജ്യ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടണം. പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യ, മാംസ കടകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് ഉച്ചക്ക് 12വരെ തുറക്കാന്‍ അനുമതിയുള്ളത്.

ഫാര്‍മസികളും തുറന്നു പ്രവര്‍ത്തിക്കും.അവശ്യ സര്‍വിസില്‍ ഉള്‍പ്പെടാത്ത അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. ആശുപത്രി സേവനങ്ങള്‍ ഉണ്ടാകും.

ആരാധനാലയങ്ങള്‍ അടച്ചിടും. മദ്യശാലകളും ബാറുകളും തുറക്കില്ല. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ടാകും.നിയന്ത്രിത മേഖലയില്‍ ഒഴികെ കൃഷിക്ക് അനുമതിയുണ്ട്. ഹോട്ടലുകളില്‍ പാര്‍സല്‍ നല്‍കുന്നതിനായി അടുക്കള മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഉണ്ടാകും. അവശ്യ സാധനങ്ങളുടെ ഓണ്‍ലൈന്‍ ഡൈലിവറിയും ഉണ്ടാകും. കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി, ഓട്ടോ, ടാക്സി തുടങ്ങിയവയൊന്നും ഉണ്ടാകില്ല. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് കൈവശം വെച്ച് ഓട്ടോയിലും ടാക്സിയിലും മറ്റു വാഹനങ്ങളിലും പരീക്ഷ ഹാളിലെത്താം.

Top