ചേര്‍ത്തല താലൂക്കില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും

ആലപ്പുഴ: തീരദേശത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ ചേര്‍ത്തല താലൂക്കില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും. മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ ഭരണകൂടമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ചേര്‍ത്തലയുടെ തീരദേശത്ത് സ്ഥിതി ആശങ്കാജനകമാണ്. കടക്കരപ്പള്ളി പഞ്ചായത്തില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട്, ചേര്‍ത്തല സൗത്ത് പഞ്ചായത്തുകളിലും സ്ഥിതി സങ്കീര്‍ണ്ണമാണെന്ന് യോഗം വിലയിരുത്തി.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കണം. നിയന്ത്രണങ്ങളോടെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാമെന്നും യോഗം നിര്‍ദ്ദേശിച്ചു.ഇന്ന് ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 18 പേര്‍ വിദേശത്തുനിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

Top