ദില്ലി: കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട കാലത്ത് വീടുകളിലിരിക്കവേ, പത്രങ്ങളിലൂടെയും വാര്‍ത്തകളിലെ ദൃശ്യങ്ങളിലൂടെയും കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന്റെ വേദനിപ്പിക്കുന്ന കാഴ്ചകള്‍ കണ്ടത് മറക്കാത്തവരാണ് നമ്മള്‍. അത്തരമൊരു കൂട്ടപ്പലായനത്തിന് വീണ്ടും ദില്ലിയുള്‍പ്പടെയുള്ള നഗരങ്ങള്‍ ഒരുങ്ങുകയാണെന്നാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബസ് ടെര്‍മിനലുകള്‍ നിന്ന് ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.
ദില്ലി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനസില്‍ നിന്ന് ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ ബസ്സ് കയറിപ്പോവുകയാണ് കുടിയേറ്റത്തൊഴിലാളികള്‍ അടക്കമുള്ളവര്‍. രാജ്യത്ത് കൊവിഡ് തരംഗം ആഞ്ഞടിക്കുമ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടേക്കുമോ എന്ന ഭീതിയാണ് ഇവരെ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ദില്ലിയില്‍ കഴിയുന്ന, യുപിഎസ്‌സി അടക്കമുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളും നേരത്തേ കൂട്ടി നാട്ടിലേക്ക് പോവുകയാണ്.
നിസാമുദ്ദീന്‍ അടക്കം, പഴയ ദില്ലിയിലെയും ന്യൂദില്ലിയിലെയും റെയില്‍വേസ്റ്റേഷനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ നവംബറിലാണ് ആനന്ദ് വിഹാര്‍ ഐഎസ്ബിടി (ഇന്റര്‍സ്റ്റേറ്റ് ബസ് ടെര്‍മിനല്‍) അടക്കമുള്ള ബസ് ടെര്‍മിനസ്സുകള്‍ ദില്ലിയില്‍ വീണ്ടും തുറന്നത്. അതിന് ശേഷം ഇത്രയധികം പേര്‍ എത്തുന്നത് ഇതാദ്യമാണെന്ന് ബസ് ജീവനക്കാരും പറയുന്നു.