ന്യൂഡൽഹി: കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്.
കടകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കാണ് നാളെ മുതല്‍ ഇളവുണ്ടായിരിക്കുക.
ഒരാഴ്ചക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇളവുകള്‍. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകും.
നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ ആഴ്ചയില്‍ ഏഴുദിവസവും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. റെസ്റ്റോറന്റ് തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഉള്‍ക്കൊളളാനാവുന്നതിന്റെ അമ്പതുശതമാനം പേര്‍ക്കുമാത്രമായിരിക്കും പ്രവേശനം നല്‍കുക.
പാര്‍ക്ക്, ജിം, സ്പാ, തിയേറ്റര്‍, സ്‌കൂള്‍- കോളേജ് ഉള്‍പ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉടന്‍ തുറക്കില്ല. സ്വിമ്മിങ്പൂളുകള്‍, സ്റ്റേഡിയം, സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്, സിനിമ തിയേറ്റര്‍, എന്നിവ തുടര്‍ന്നും അടച്ചിടും. പൊതുസമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിരോധനമുണ്ട്.