സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍; സര്‍ക്കാരിന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കേണ്ട ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകളാണ് സര്‍ക്കാര്‍ അനുവദിക്കുക എന്നാണ് സൂചന. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല.

ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ഷോപിംഗ് മാളുകള്‍ തുറക്കും. എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം ഓണ്‍ലൈന്‍ ക്ലാസുകളിലൊതുങ്ങും. മിക്ക ജില്ലകളിലും ഹോട്ട്‌സ്‌പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കും. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും.ജൂണ്‍ 8 മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം ഇതോടെ ശക്തമാകും.

Top