ലോക്ക്ഡൗണ്‍ കാലത്ത് വ്യത്യസ്ത ആശയങ്ങളിലൂടെ തങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കുകയാണ് സിനിമാ താരങ്ങള്‍. ഇപ്പോഴിതാ മലയാള സിനിമയിലെ യുവനടിമാര്‍ ചേര്‍ന്നൊരുക്കിയ ഡാന്‍സ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായിരിക്കുന്നത്.
ആശ ശരത്ത്, നവ്യ നായര്‍, അനു സിത്താര, അനുശ്രീ, ദുര്‍ഗ കൃഷ്ണ, രചന നാരായണന്‍കുട്ടി, രമ്യ നമ്പീശന്‍ എന്നീ നടിമാര്‍ ചേര്‍ന്നാണ് നൃത്ത വീഡിയോയില്‍ ഒന്നിച്ചെത്തിയത്.
കാതില്‍ തേന്മഴയായ് പാടൂ.. എന്ന് തുടങ്ങുന്ന ഗാനരംഗത്തിനാണ് മനോഹരമായ ചുവടുകളുമായി നായികമാരെത്തിയത്. നടിമാരെല്ലാം അവരുടെ വീടുകളില്‍ നിന്ന് തന്നെയാണ് നൃത്തരംഗം ഷൂട്ട് ചയ്തിരിക്കുന്നത്.
മലയാള സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകന്‍ ബിജു ത്വനിയാണ് ഇങ്ങനെയാരു ആശയം അവതരിപ്പിച്ചത്. മിനുറ്റുകള്‍ക്കുള്ളില്‍ ഈ നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
‘തുമ്പോളി കടപ്പുറം’ എന്ന ചിത്രത്തിനു വേണ്ടി സലില്‍ ചൗധരി സംഗീതസംവിധാനം നിര്‍വഹിച്ച് ഒഎന്‍വി എഴുതി യേശുദാസ് പാടിയ പാട്ടാണ് ‘കാതില്‍ തേന്‍മഴയായി…’ നായികമാരുടെ നൃത്തത്തിനുവേണ്ടി ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത് ഇഷാന്‍ ദേവാണ്.
ഇന്ത്യന്‍ സിനിമാ ലോകത്തെ എല്ലാ താരങ്ങളും ഒന്നാണെന്ന് കാണിച്ച് പുറത്തിറക്കിയ മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. അമിതാഭ് ബച്ചന്‍. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, രണ്‍ബീര്‍ സിങ്, പ്രിയങ്ക ചോപ്ര, ആലിയ ബട്ട് എന്നിവരെല്ലാം അഭിനയിച്ച ഷോര്‍ട്ട് ഫിലിം ഒരുമയുടെ സന്ദേശമാണ് നല്‍കുന്നത്. കോവിഡ് പ്രതിരോധകാലത്ത് വീട്ടില്‍ സുരക്ഷിതരായി ഇരിക്കാനും പരിഭ്രാന്തി ഉപേക്ഷിക്കാനും സൂപ്പര്‍ താരങ്ങള്‍ ആഹ്വാനം ചെയ്യുന്നു.