കര്‍ണാടകയില്‍ 11 ജില്ലകളില്‍ ലോക്ക് ഡൗണ്‍ 21വരെ നീട്ടി

ബാംഗഌര്‍: കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ 11 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ ജൂണ്‍ 14ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 14 മുതല്‍ ബംഗളൂരു അര്‍ബന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 20 ജില്ലകളില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുണ്ടാകും.

ആദ്യഘട്ട അണ്‍ലോക്കായിരിക്കും തിങ്കളാഴ്ച മുതല്‍ ഈ ജില്ലകളില്‍ നടപ്പാക്കുക. ജൂണ്‍ 21വരെയാണ് ഈ ജില്ലകളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഒരോ ഘട്ടം ഘട്ടം ആയിട്ടായിരിക്കും അണ്‍ലോക്ക് നടപ്പാക്കുക. രോഗ സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ചിക്കമഗളൂരു, ശിവമൊഗ്ഗ, ദാവന്‍ഗരെ, മൈസൂരു, ചാമരാജ്‌നഗര്‍, ഹാസന്‍, ദക്ഷിണ കന്നട, ബംഗളൂരു റൂറല്‍, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂണ്‍ 21വരെ ലോക്ക് ഡൗണ്‍ നീട്ടിയത്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗര്‍ തുടങ്ങിയ ജില്ലകളിലും ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. രോഗ സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിക്കുന്നതുവരെ 11 ജില്ലകളിലും കര്‍ശന നിയന്ത്രണം തുടരാനും പരിശോധന കൂട്ടാനുമാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിര്‍ദേശം നല്‍കിയത്.

Top