തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണായിരിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

പലചരക്ക് കടകള്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് 75 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. പൊതു-സ്വകാര്യ ബസ് സര്‍വീസ്, മെട്രോ, ട്രെയിന്‍ എന്നിവ ഓഗസ്റ്റ് 31 വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഷോപ്പിങ് മാള്‍, തിയറ്റര്‍, ബാര്‍, ജിം, മ്യൂസിയം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബബന്ധമാണ്. അതേസമയം സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

ചെന്നൈയില്‍ കോവിഡ് പരിശോധനയ്ക്കായി 500-ലധികം മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചതായും 1,45,000-ത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. നഗരത്തിലെ കോവിഡ് രോഗികളെ കണ്ടെത്താന്‍ വീടുകള്‍ കയറിയുള്ള പരിശോധന വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കായി ചെന്നൈയില്‍ മാത്രം 70-ഓളം മൊബൈല്‍ ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തെ മറ്റുഭാഗങ്ങളില്‍ ഇത്തരത്തില്‍ 1,126 മൊബൈല്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പളനിസ്വാമി വ്യക്തമാക്കി.

Top