ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി (എന്‍ഡിഎംഎ) ഉത്തരവിറക്കി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തരആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും മേയ് 31 വരെ വിലക്കുണ്ട്. അതിനിടെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇന്നു രാത്രി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
2005ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ലോക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച നിര്‍ദേശം എന്‍ഡിഎംഎ വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയത്. മാര്‍ഗരേഖയില്‍ ആവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിര്‍വാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തോടൊപ്പം സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ടാകുമെന്നും എന്‍ഡിഎംഎ മെംബര്‍ സെക്രട്ടറി ജി.വി.വി. ശര്‍മ പറഞ്ഞു.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു. നാലാം ഘട്ട ലോക്ഡൗണ്‍ നേരത്തേയുള്ളതില്‍നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്.