ലോക്ഡൗണ്‍; അടിയന്തര യാത്രക്കായി ജോയിന്റ് ഓപറേഷന്‍സ് സെന്ററില്‍ ബന്ധപ്പെടമെന്ന് ഒമാന്‍ പൊലീസ്

ഒമാന്‍: സമ്പൂര്‍ണ ലോക്ഡൗണ്‍ സമയത്ത് അടിസ്ഥാന സേവനങ്ങള്‍ക്ക് യാത്രാനുമതികള്‍ നല്‍കുന്നതിനായി ഒമാനില്‍ ജോയന്റ് ഓപറേഷന്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമായി. റോയല്‍ ഒമാന്‍ പൊലീസ്, ഹെല്‍ത്ത് കെയര്‍, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കൃഷി, ഫിഷറീസ്, വാട്ടര്‍ റിസോഴ്‌സ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികള്‍ അടങ്ങിയതാണ് ഇതിലെ അംഗങ്ങള്‍. അടിയന്തര യാത്രകളും മറ്റും ആവശ്യമുള്ളവര്‍ക്ക് 1099 എന്ന നമ്പറില്‍ വിളിച്ചാല്‍ ഓപറേഷന്‍ സെന്ററുമായി ബന്ധപ്പെടാന്‍ സാധിക്കും.

ലോക്ഡൗണ്‍ ദിവസങ്ങളില്‍ വിമാനത്താവള യാത്രക്ക് തടസമുണ്ടാകില്ല. എന്നാല്‍ യാത്രക്ക് കൊണ്ട് വിടാനും വിളിച്ച് കൊണ്ടു വരാനും ഒരാള്‍ക്ക് മാത്രമേ അവസരം ഉണ്ടാകുകയുള്ളു. യാത്രാ രേഖകള്‍ കാണിച്ചാല്‍ മതിയാകും. മസ്‌കത്ത് വിമാനത്താവളത്തിലെ കൊവിഡ് പരിശോധന കേന്ദ്രം ലോക്ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കും.

വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തുന്നവര്‍ യാത്രാരേഖകള്‍ നല്‍കണം. പരിശോധനക്ക് യാത്രക്കാരെ അനുഗമിക്കുന്നവര്‍ ജോയിന്റ് ഓപറേഷന്‍സ് സെന്ററില്‍ നിന്നുള്ള അനുമതി വാങ്ങണം. ചൊവ്വാഴ്ച സുപ്രീം കമ്മിറ്റി അംഗങ്ങള്‍ ജോയിന്റ് ഓപറേഷന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉണ്ടോയെന്ന് കാര്യങ്ങള്‍ വിലയിരുത്തി. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

 

Top