തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ചട്ടം 300 പ്രകാരം ആരോഗ്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തും. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന രീതിയാണ് മാറുന്നത്.
ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി നിയന്ത്രണങ്ങള്‍. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനും, ബാക്കി എല്ലാ ദിവസവും കടകള്‍ തുറക്കാനും തീരുമാനമായി. കടകള്‍ രാത്രി ഒമ്പതുവരെ തുറക്കാനാണ് അനുമതിയുണ്ടാവുക.
ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവര്‍ എല്ലാവരും പിന്മാറുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പായി ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും. അതേസമയം, സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാല്‍ ഈ ദിവസങ്ങളില്‍ വാരാന്ത്യ ലോക്ക്ഡൗണില്ല.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ അതില്‍ മാറ്റം വരുത്തുന്നത്. ഒരു തദ്ദേശ വാര്‍ഡില്‍ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടല്‍. മൈക്രോ കണ്ടെയിന്മെന്റ് രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍. ഒരു വാര്‍ഡില്‍ ആയിരം പേരിലെത്ര രോഗികള്‍ എന്ന രീതിയില്‍ കണക്കാക്കാനാണ് ആലോചന.
പുതിയ മാറ്റങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.