സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ഡൗണ്‍ ചട്ടങ്ങള്‍. മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിക്കുകയും സംസ്ഥാന ലോക്ഡൗണ്‍ ചില ഇളവുകളോടെ ജൂണ്‍ ഒമ്പതുവരെ നീട്ടുകയും ചെയ്തതോടെയാണ് എല്ലാ ജില്ലകളിലും ഒരേ
നിയമങ്ങള്‍ നിലവില്‍ വന്നത്.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് പകുതി ജീവനക്കാരുമായി തുറക്കാം. വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണി വരെ പ്രവര്‍ത്തിക്കും.

പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണി വരെ തുറക്കും. തുണി, സ്വര്‍ണ്ണം, പാദരക്ഷ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കും. ആക്രിക്കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും.

തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തും.രാവിലെ 11ന് കളക്ട്രേറ്റിലാണ് യോഗം. മന്ത്രിമാരായ ആര്‍ ബിന്ദു, കെ. രാജന്‍, കെ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും.

 

 

Top