സംസ്ഥാനത്തെ ലോക്ഡൗണ്‍ അശാസ്ത്രീയം; വ്യാപാരികള്‍ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്ത് നിലവിലെ ലോക്ഡൗണ്‍ അശാസ്ത്രീയമെന്നാണെന്നും പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍. രണ്ട് പ്രളയങ്ങളും, രണ്ട് കൊവിഡ് തരംഗങ്ങളും തകര്‍ത്ത കേരളത്തിലെ വ്യാപാരികള്‍ക്ക് കൊവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.

സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നും വ്യാപരികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്.

ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ കടകള്‍ക്കും, വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം, രോഗബാധിതരായവരുടെ വീടുകളും പരിസരവും, അടുത്ത ബന്ധുക്കളെയും ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കിലും ആഗസ്റ്റ് ഒമ്പത് മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Top