പ്രണയസാഫല്യത്തിന് ലോക്ഡൗണ്‍ ഒരു തടസ്സമേയല്ല; യുവതി നടന്നത് 60 കിലോമീറ്റര്‍

ഹൈദരാബാദ്: വീട്ടുകാരും ലോക്ഡൗണും തടസ്സമായിട്ടും പ്രണയിച്ചയാളെ വിവാഹം ചെയ്യാനായി പെണ്‍കുട്ടി നടന്നത് 60 കിലോമീറ്റര്‍ ദൂരം. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരിയായ 19 കാരി ചിതികല ഭവാനിയാണ് തന്റെ പ്രണയ സാഫല്യത്തിനായി 60 കിലോമീറ്റര്‍ നടന്ന് കാമുകനായ സായ് പുന്നയ്യയുടെ വീട്ടിലെത്തിയത്. നാലുവര്‍ഷത്തോളമായി ഭവാനിയും പുന്നയ്യയും തമ്മില്‍ പ്രണയത്തിലായിട്ട്.

പ്രണയബന്ധത്തെക്കുറിച്ച് ഇരുവരും വീട്ടില്‍ അറിയിച്ചെങ്കിലും പുന്നയ്യയെ വിവാഹം കഴിക്കുന്നതിനോട് ഭവാനിയുടെ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചപ്പോഴാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

കൃഷ്ണ ജില്ലയിലെ ഹനുമാന്‍ ജംഗ്ഷനിലാണ് ഭവാനി താമസിക്കുന്നത്, അടുത്ത ഗ്രാമമായ എഡെപ്പള്ളിയിലാണ് പുന്നയ്യയുടെ വീട്. വീട്ടില്‍ അകപ്പെട്ടുപോയെങ്കിലും സഹായിക്കാന്‍ ആരുമില്ലെങ്കിലും കാമുകന്റെ വീട്ടിലേക്ക് നടന്നുപോകാനാണ് ഭവാനി തീരുമാനിച്ചത്. 60 കിലോമീറ്റര്‍ നീണ്ട കഠിന കാല്‍നട യാത്രയ്‌ക്കൊടുവില്‍ ഭവാനി തന്റെ പ്രണയ സാഫല്യം നേടിയെടുക്കുകയായിരുന്നു.

അതിനിടെ ഭവാനിയുടെ വീട്ടുകാര്‍ ഭീഷണിയുമായെത്തി. ഒടുവില്‍ സംരക്ഷണമാവശ്യപ്പെട്ട് ഭവാനിയും പുന്നയ്യയും പ്രാദേശിക പൊലീസ് സ്‌റ്റേഷനിലെത്തി സംരക്ഷണമാവശ്യപ്പെട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഭവാനിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നതായി സി ഐ വെങ്കട നാരായണന്‍ പറയുന്നു. ഇരുവര്‍ക്കും പ്രയാപൂര്‍ത്തിയായതിനാല്‍ പൊലീസ് പെണ്കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി കൗണ്‍സിലിങ് നല്‍കി മടക്കി അയച്ചു.

Top