മദ്യവില്‍പ്പനക്ക് അനുമതി നല്‍കി കേന്ദ്രം; വേണ്ടെന്ന നിലപാടില്‍ കേരളവും

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം രാജ്യത്ത് നാളെ ആരംഭിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുത്തെങ്കിലും മദ്യവില്‍പന വേണ്ടെന്ന നിലപാടിലാണ് കേരളം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍. ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ കേന്ദ്രം അനുമതി നല്‍കിയപ്പോള്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും മദ്യവില്‍പന പുനരാരംഭിക്കാന്‍ തന്നെയാണ് തീരുമാനിച്ചത്.

ബാറുകളില്‍ മദ്യം വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും മദ്യവില്‍പനയ്ക്ക് തടസമില്ല. എന്നാല്‍ ഒരേസമയം അഞ്ച് പേരെ കൗണ്ടറിലുണ്ടാവാന്‍ പാടുള്ളൂ, സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം മദ്യവില്‍പന, തുടങ്ങിയ നിബന്ധനകളാണ് കേന്ദ്രം മുന്നോട്ട് വച്ചത്.

പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ മദ്യവില്‍പന തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോട്ട് സ്‌പോട്ടുകള്‍ക്ക് വെളിയിലാവും ഇവിടങ്ങളില്‍ മദ്യവില്‍പന അനുവദിക്കുക. ആന്ധ്രാപ്രദേശില്‍ നാളെ മുതല്‍ മദ്യത്തിന് 25 ശതമാനം അധികം വില ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇടവേളയ്ക്ക് ശേഷം മദ്യശാലകള്‍ തുറക്കുമ്പോള്‍ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് ഈ നടപടി.

ഡല്‍ഹിയിലും നാളെ മുതല്‍ മദ്യശാലകള്‍ തുറക്കും. ഡല്‍ഹിയില്‍ രജിസ്റ്റര്‍ 545 മദ്യവില്‍പനശാലകളില്‍ 450 കടകളാണ് നാളെ തുറക്കുക. കൊവിഡ് വൈറസിന്റെ തീവ്രബാധിത മേഖലകളില്‍ മദ്യശാലകള്‍ തുറക്കില്ല. മാളുകളിലെ മദ്യവില്‍പനശാലകളും തുറക്കാന്‍ അനുവദിക്കില്ല.

മുംബൈയിലും മഹാരാഷ്ട്രയിലെ തന്നെ പൂണൈയിലും നാളെ മുതല്‍ മദ്യശാലകള്‍ തുറക്കും. അതിതീവ്രബാധിത മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ മദ്യഷോപ്പുകള്‍ തുറക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിതീവ്രമേഖലയ്ക്ക് പുറത്തുള്ള മദ്യവില്‍പനശാലകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ട്.

Top