ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേക്ക് ഓടിക്കില്ല: ഉടമകള്‍

തൃശൂര്‍: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേക്ക് ഓടിക്കേണ്ടെന്ന തീരുമാനവുമായി ബസുടമകള്‍.

കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കടുത്ത നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ച് ബസ് സര്‍വ്വീസ് നടത്തുക അസാധ്യമാണന്ന് ചൂണ്ടിക്കാട്ടിയാണ് ബസുകള്‍ ഒരു വര്‍ഷം ഓടിക്കേണ്ടെന്ന് ബസുടമകള്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കി. എന്നാല്‍ പ്രശ്‌നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് കരുതുന്നതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം,സംസ്ഥാനത്ത് ആകെയുള്ള 12,600 സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസമാകുന്നു. ഇതില്‍ 12,000 ബസുകള്‍ ലോക്ക്ഡൗണ്‍ തീര്‍ന്നാലും സര്‍വ്വീസ് പുനരാരംഭിക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

അരലക്ഷത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകുമെന്നതിനപ്പുറം യാത്രക്കാരും ബസുകള്‍ ഓടാതാകുന്നതോടെ കഷ്ടപ്പാടിലാകും.

കനത്ത സാമ്പത്തിക ബാധ്യത സഹിച്ച് ഒരു ബസില്‍ പതിനഞ്ചോളം യാത്രക്കാരെ മാത്രം കയറ്റി സര്‍വ്വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി.

Top