ലാഹോര്‍: 186 ഓളം രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് പതിനെണ്ണായിരത്തില്‍ പരം ആളുകളുടെ ജീവനാണ് കവര്‍ന്നത്. വൈറസ് വ്യാപനം തടയനായി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഇതിനകം ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ആയിരത്തിലധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും പാക്കിസ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെയിരിക്കുകയാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍.
ഇതുവരെ കൊറോണ വൈറസ് ബാധമൂലം ഏഴ് പേരാണ് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം പാക്കിസ്ഥാനില്‍ മരിച്ചത്. കൊറോണ വലിയ ആഘാതം സൃഷ്ടിച്ച ഇറാനില്‍ നിന്നെത്തിയവരില്‍ നിന്നാണ് പാകിസ്ഥാനില്‍ രോഗം പടര്‍ന്നത്.
സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 400ഓളം പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ പഞ്ചാബില്‍ 296 പേര്‍ക്കും ഖൈബര്‍ പക്തുന്‍ഖ്വയില്‍ 78 പേര്‍ക്കും ബലൂചിസ്താനില്‍ 110 പേര്‍ക്കും , ഇസ്ലാമബാദില്‍ 15 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവില്‍ സിന്ധ് പ്രവിശ്യയില്‍ മാത്രമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചാല്‍ അത് പാക്കിസ്ഥാന്റെ സമ്പദ് ഘടനയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നുമാണ് ഇമ്രാന്‍ഖാന്റെ നിലപാട്.
രാജ്യത്തിന്റെ 25% ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ലോക്ക് ഡൗണ്‍ രാജ്യവ്യാപകമാക്കിയാല്‍ കൂലിത്തൊഴിലാളികള്‍, ദിവസവേതനക്കാര്‍, തെരുവ് കച്ചവടക്കാര്‍ എന്നിവര്‍ എങ്ങനെ ജീവിക്കുമെന്നും ഇമ്രാന്‍ഖാന്‍ ചോദിക്കുന്നു.
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസ് വ്യാഴാഴ്ച മുതല്‍ റദ്ദാക്കുമെന്ന് വ്യോമയാന വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു.അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും തീവണ്ടി ഗതാഗതവും നേരത്തെ നിരോധിച്ചിരുന്നു.