ചെന്നൈ: തമിഴ്‌നാട് സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. തൂത്തുക്കുടി സ്വദേശി മാര്‍ട്ടിന് ആണ് മര്‍ദനമേറ്റത്. രക്തസ്രാവം, മൂത്രതടസം, ശ്വാസതടസവും കൂടിയതോടെ മാര്‍ട്ടിനെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ട്ടിന്റെ നില ഗുരുതരമാണ്. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട അയല്‍വാസിയുടെ പരാതിയിലാണ് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്തിയില്ല. വീട്ടില്‍ നിന്ന് പിടിച്ച് കൊണ്ട് പോകുമ്പോഴും പൊലീസ് മര്‍ദിച്ചതായി മാര്‍ട്ടിന്റെ ഭാര്യ സരോജം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തൂത്തുക്കുടി എസ്പി വ്യക്തമാക്കി. മാര്‍ട്ടിനെ സാത്താന്‍കുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ജീവന് സംരക്ഷണം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി മാര്‍ട്ടിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു.
അതേസമയം, പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ട്ടിന്‍ ശ്രമിച്ചെന്ന് തൂത്തുക്കുടി എസ് പി എസ് ജയകുമാര്‍ പ്രതികരിച്ചു. മാര്‍ട്ടിനെ കീഴപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും എസ്പി വിശദീകരിച്ചു. സംഭവത്തില്‍ തൂത്തുക്കുടി ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.