പാകിസ്ഥാനില്‍ നിന്നു വരുന്ന വെട്ടുകിളി കൂട്ടങ്ങളുടെ ആക്രമണത്തില്‍ കാര്‍ഷിക മേഖല ശക്തമായ ഭീഷണിയാണ് നേരിടുന്നത്. ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്ഥാനില്‍നിന്നു വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകളെ നശിപ്പിക്കുകയുമായിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍നടി സൈറ വസീം പങ്കുവച്ച ട്വീറ്റിനെതിരെ ഇപ്പോള്‍ വ്യാപകവിമര്‍ശനം ഉയരുകയാണ്. ഖുറാനെ ഉദ്ധരിച്ചായിരുന്നു നടിയുടെ ട്വീറ്റ്.
വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133)യില്‍ നിന്നായിരുന്നു സൈറയുടെ പ്രതികരണം. ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്. സൈറ പാകിസ്ഥാന്‍ അനുഭാവിയാണ് എന്നതാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ പ്രധാനമായും ആരോപിക്കുന്നത്. വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോള്‍ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്ന് മറ്റു ചിലര്‍ ചോദിക്കുന്നു.
എന്നാല്‍ അവര്‍ പങ്കുവച്ചത് ഖുറാനിലെ വാക്യമാണെന്നും ഇതിനെതിരേ അസഹിഷ്ണുത ഉയര്‍ത്തുന്നത് ബാലിശമാണെന്നും സൈറയെ പിന്തുണയ്ക്കുന്നവര്‍ പ്രതികരിച്ചു. സംഭവം വിവാദമായതോടെ സൈറ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നീക്കം ചെയ്തു.
ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സൈറ വസീം. കുറച്ച് നാളുകള്‍ക്ക് ശേഷം സിനിമ തന്റെ മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കി അവര്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.