ന്യൂഡല്‍ഹി: രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ ഉത്തര്‍പ്രദേശിലും വെട്ടുകിളിശല്യം രൂക്ഷം. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യു.പി. സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ആഗ്ര, അലിഗഢ്, ബുലന്ദ്ശഹര്‍, കാണ്‍പുര്‍, മഥുര എന്നി 17 ജില്ലകളില്‍ വെട്ടുകിളി ആക്രമണം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു. 2.5 മുതല്‍ 3 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കൂട്ടമായി കറങ്ങുന്ന വെട്ടുകിളികള്‍ വലിപ്പത്തില്‍ ചെറുതാണ്. അതേസമയം, വെട്ടുകിളികളെ തുരത്തുന്നതിനായി രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ഒരു സംഘം എത്തിയിട്ടുണ്ടെന്ന് അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കമല്‍ കത്യാര്‍ പറഞ്ഞു.
#WATCH Madhya Pradesh: Swarms of locusts seen at a village in Chhatarpur district. pic.twitter.com/jcfnlGTuR2
— ANI (@ANI) May 25, 2020
ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്ഥാനില്‍നിന്നു വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകളെ നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ബനസ്‌കന്ത, പാടന്‍, കച്ച് എന്നീ മൂന്ന് അതിര്‍ത്തി ജില്ലകളിലെ കൃഷിയിടങ്ങളിലെ വിളകള്‍ മുഴുവന്‍ വെട്ടുകിളി ആക്രമണത്തില്‍ നശിച്ചിരുന്നു.
അതേസമയം, ആഗ്രയില്‍ വിളകളെ സംരക്ഷിക്കുന്നതിനായി കെമിക്കല്‍ സ്‌പ്രേകള്‍ ഘടിപ്പിച്ച 204 ട്രാക്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഝാന്‍സിയില്‍ വെട്ടുകിളികളുടെ അക്രമം തടയുന്നതിനായി രാസവസ്തുക്കളുമായി കരുതിയിരിക്കാനാണ് അഗ്‌നിശമനസേനയോട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.