lodha commettee

മുബൈ :ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ജസ്റ്റിസ് ലോധ കമ്മിറ്റി.

ക്രിക്കറ്റിനു തടസ്സമുണ്ടാകരുതെന്നു ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നില്ലെന്നു ലോധ കമ്മിറ്റി തീരുമാനിച്ചത്. നടന്നു വരുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് തടസ്സമുണ്ടാകുമെന്നു കണ്ടാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ലോധ കമ്മിറ്റി പിന്‍മാറിയത്.

കളിക്ക് തടസ്സമുണ്ടാകരുതെന്നു ജസ്റ്റിസ് ആര്‍.എം ലോധ വ്യക്തമാക്കി. ക്രിക്കറ്റ് പരിഷ്‌കരണത്തിന് ലോധ കമ്മിറ്റി നിര്‍ദേശിച്ച കാര്യങ്ങള്‍ ഒന്നും നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ബിസിസിഐക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.

ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടതില്ലെന്നു കാണിച്ച് യെസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകള്‍ക്ക് ലോധ കമ്മിറ്റി ഇന്നു രാവിലെ കത്തെഴുതി.

സെപ്തംബര്‍ 30നു ചേര്‍ന്ന യോഗമാണ് ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇത് ന്യൂസിലന്‍ഡുമായുള്ള മത്സരങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് കമ്മിറ്റി തീരുമാനം മാറ്റിയത്. ന്യൂസിലന്‍ഡുമായി ഒരു ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഇനി ശേഷിക്കുന്നത്.

Top