ബേബിഡാമിന് സമീപത്തെ മരംമുറിക്കല്‍ അനുമതി; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം അനുമതി നല്‍കിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പുതിയ അണക്കെട്ട് വേണ്ടെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നുമുള്ള തമിഴ്‌നാടിന്റെ നിലപാടിന് ശക്തി പകരുന്നതാണ് കേരളത്തിന്റെ ഈ പുതിയ തീരുമാനം.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച അഞ്ച് അംഗ തമിഴ്‌നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം.

ഇതിനിടെ ബേബി ഡാം ശക്തിപ്പെടുത്താന്‍ തടസമായ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദിപറഞ്ഞ് കത്തയച്ചു.

Top