മമ്മൂട്ടിക്കും മോഹൻലാലിനും പുതിയ മുന്നേറ്റത്തിന് കരുത്ത് നൽകിയത് ലോഹി

മോഹന്‍ലാലും മമ്മൂട്ടിയും നമ്മള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പോലും ഇന്നുവരെ നേടാന്‍ കഴിയാത്ത ദേശീയ അവാര്‍ഡ് പലവട്ടം വാങ്ങിയിട്ടുണ്ട് ഈ സൂപ്പര്‍ താരങ്ങള്‍. ഇവരുടെ ദേശീയ-സംസ്ഥാന പുരസ്‌കാര വേട്ടയ്ക്ക് പിന്നില്‍ ലോഹിതദാസ് എന്ന അനശ്വര തിരക്കഥാകൃത്തിന്റെ തൂലികയുടെ കരുത്തുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മണ്ണിന്റെ മണമുള്ള, യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്ന കഥ പറഞ്ഞാണ് തന്റെ കഥാപാത്രങ്ങള്‍ക്ക് ലോഹിതദാസ് ജീവന്‍ പകര്‍ന്നിരുന്നത്.

തിയറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങുന്നതോടെ മനസ്സില്‍ നിന്നും പോകുന്ന കഥാപാത്രങ്ങളെയല്ല ലോഹിതദാസ് സൃഷ്ടിച്ചിരുന്നത്. തനിയാവര്‍ത്തനം, അമരം, വാത്സല്യം, മൃഗയ, ഭൂതക്കണ്ണാടി, കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം തുടങ്ങി ലോഹിയുടെ ഏത് സിനിമ പരിശോധിച്ചാലും അതിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നതായി കാണാം.

എംടിയും പത്മരാജനും ജോണ്‍പോളും ടി ദാമോദരനും ഒക്കെ തിരക്കഥാ രംഗത്ത് തിളങ്ങി നിന്ന കാലത്താണ് 1987ല്‍ തനിയാവര്‍ത്തനം എന്ന അത്ഭുതം സമ്മാനിച്ചു കൊണ്ട് ലോഹിതദാസ് സിനിമയിലേക്ക് എത്തുന്നത്. 22 വര്‍ഷത്തെ സിനിമാ ജീവിതത്തിലൂടെ മലയാളത്തിന് നിരവധി ഹീറോകളെ അദ്ദേഹം സംഭാവന ചെയ്തു. ടൈപ്പുകളില്‍ കുരുങ്ങിക്കിടന്ന നായകന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ നടന്മാരായി പേരെടുത്തതും ലോഹിതദാസിന്റെ തൂലികയുടെ ശക്തികൊണ്ടാണ്. . . മോഹന്‍ലാലും മമ്മൂട്ടിയും മുരളിയും ജയറാമും ദിലീപും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. മഞ്ചുവാര്യര്‍, മീരാജാസ്മിന്‍, തുടങ്ങി അഭിനയ കലയില്‍ അത്ഭുതം കാട്ടിയ നിരവധി നായികമാരെ മലയാളത്തിന് സംഭാവന ചെയ്തതും ലോഹിതദാസാണ്.

മലയാള സിനിമ പുതിയ ഊര്‍ജം നേടുകയായിരുന്നു ലോഹിയുടെ ചിത്രങ്ങളിലൂടെ. ഇടയ്ക്കുവച്ച് താരപദവി പോലും ചോദ്യം ചെയ്യപ്പെട്ട സമയത്ത് മമ്മൂട്ടി എന്ന നടന്‍ വീണ്ടും ഉയരങ്ങളിലേക്ക് കുതിച്ചത് ‘തനിയവര്‍ത്തന’ത്തിലൂടെയാണ്.

1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡും മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങളും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. അങ്ങനെ തനിയാവര്‍ത്തനത്തിന്റെ എഴുത്തുകാരന്‍ സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രിയപ്പെട്ടവനായി മാറി. ലോഹിയുടെ തിരക്കഥകള്‍ക്ക് പ്രേക്ഷകര്‍ കാത്തുനില്‍ക്കുന്നതാണ് പിന്നീട് കണ്ടത്. പിന്നീടങ്ങോട്ട് തൂലിക കൊണ്ടുള്ള കണ്‍കെട്ടാണ് മലയാള സിനിമയുടെ തിരശ്ശീലയില്‍ നടന്നത്.

ഹീറോ എന്ന വാക്കിന് അതുവരെ നമ്മുടെ സിനിമ കണ്ട അര്‍ഥങ്ങള്‍ പൊളിച്ചെഴുതുകയായിരുന്നു ലോഹിതദാസ്. വിധിയുടെ ക്രൂരവിനോദത്തിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന നായകന്മാര്‍ ലോഹിയുടെ തിരക്കഥകളില്‍ പിറന്നു. മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍ , ദശരഥത്തിലെ രാജീവ്മേനോന്‍, കിരീടത്തിലെ സേതുമാധവന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള തുടങ്ങിയ നായകകഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ താരസിംഹാസനങ്ങള്‍ ഉറപ്പിച്ചു. വെറും താരങ്ങള്‍ മാത്രമല്ല, നല്ല നടന്മാര്‍ കൂടിയാണ് ഇവരെന്ന് വാഴ്ത്തപ്പെടാനും ഈ ചിത്രങ്ങള്‍ സഹായിച്ചു. മലയാള സിനിമയുടെ പുഷ്‌കലമായ ആ കാലത്ത് എഴുത്തുകാരന്റെ രാജസിംഹാസനത്തില്‍ ലോഹിതദാസിന് ഇരിപ്പിടം ലഭിച്ചു.

മോഹന്‍ലാലിന്റെ കിരീടം, ഭരതം മമ്മൂട്ടിയുടെ ഭൂതക്കണ്ണാടി, അമരം എന്നിവയെല്ലാം ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ലോഹിതദാസ് ചിത്രങ്ങളാണ്. തനിയാവര്‍ത്തനം, ഭൂതക്കണ്ണാടി, ഭരതം എന്നിവയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടി.

സിബിമലയില്‍-ലോഹിതദാസ് കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടമായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്.

സിനിമയുടെ എഴുത്തുകാരനായി തിളങ്ങി നില്‍ക്കുമ്പോഴാണ് ലോഹിതദാസ് 1997 ല്‍ ഭൂതക്കണ്ണാടിയിലൂടെ സംവിധായകനായത്. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സ്വന്തമായി സംവിധാനം ആരംഭിച്ച ശേഷം സത്യന്‍ അന്തിക്കാടിനു വേണ്ടി 1999 ല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. പിന്നീട് പത്തുവര്‍ഷം മറ്റാര്‍ക്കും വേണ്ടി എഴുതിയിട്ടില്ല. 2007 ല്‍ പുറത്തിറങ്ങിയ നിവേദ്യമാണ് ലോഹിതദാസ് അവസാനം സംവിധാനം ചെയ്ത ചിത്രം.

മലയാളത്തിലെ രണ്ട് മഹാനടന്മാരെ വളര്‍ത്തിയതിന് പിന്നില്‍ ലോഹിതദാസിന്റെ തൂലികയ്ക്കുള്ള പ്രാധാന്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.

Top