കൊച്ചി : ആലുവ മണപ്പുറത്ത് നഗരസഭ നിര്‍മ്മിച്ച മലയാളിയുടെ പ്രിയ സംവിധായകന്‍ ലോഹിതദാസിന്റെ സ്മൃതി മന്ദിരം അധികൃതരുടെ പിടിപ്പുകേടുമൂലം സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറുന്നു.
സംരക്ഷിക്കാനാളില്ലാത്തതുമൂലം കഞ്ചാവ് കച്ചവടക്കാരുടെയും കന്നുകാലികളുടെയും താവളമായി മാറിയിരിക്കുകയാണിവിടം.
ഈ കാഴ്ച കണ്ട് ലോഹിയുടെ ആത്മമിത്രവും സംവിധായകനുമായ സിബിമലയില്‍ ഒരു കുറുപ്പില്‍ എഴുതിയ പ്രതികരണത്തില്‍ തന്നെ രോഷം പ്രകടമാണ്.
”ലോഹി ചാലക്കുടി വിട്ട് ആലുവയിലെത്തി. ശിവരാത്രി മണപ്പുറത്തിനോരത്ത് മോഹിച്ചു പണിത സ്വപ്നഗൃഹം… ഇവിടെ ബഹുനില ഫ്‌ളാറ്റ് ഉയര്‍ന്നിരിക്കുന്നു…അതിനെതിര്‍വശത്തായി എന്റെ പ്രിയ കൂട്ടുകാരന്റെ സ്മൃതിമന്ദിരം തിരസ്‌ക്കാരത്തിന്റെ പുറമ്പോക്കില്‍ അനാഥമായ ഒരു ദുരന്ത ശില്പമായി നില്‍ക്കന്നു… ആ കാഴ്ച എന്റെ നൊമ്പരമാണ്.’
സിബിയുടെ മാത്രമല്ല ലോഹിയെ സ്‌നേഹിച്ച മുഴുവന്‍ മലയാളികളുടെയും നൊമ്പരമായി ഇപ്പോള്‍ ഈ സ്മൃതി മന്ദിരം മാറിയിരിക്കുകയാണ്.
ശിവരാത്രി ആഘോഷത്തില്‍ നിന്ന് കിട്ടിയ ലാഭംകൊണ്ട് നഗരസഭ നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിന് ആറ് വര്‍ഷം കഴിഞ്ഞിട്ടും നാമകരണംപോലും ചെയ്തിട്ടില്ല എന്നത് ആ മഹാ കലാകാരനോട് അധികൃതര്‍ കാണിക്കുന്ന അനീതിയുടെ പ്രത്യക്ഷ തെളിവാണ്.
സി.പി.എമ്മിലെ സ്മിത ഗോപി നഗരസഭ അദ്ധ്യക്ഷയായിരുന്ന കൗണ്‍സിലാണ് മണ്ഡപത്തിന് ലോഹിതദാസിന്റെ പേരിടാന്‍ തീരുമാനിച്ചിരുന്നത്. അത് നടപ്പാക്കുന്നതിന് മുന്‍പ് ഭരണമാറ്റം ഉണ്ടായതോടെ നാമകരണം മുടങ്ങി ഇപ്പോഴും ആലുവ നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്.
ചാലക്കുടിയിലാണ് ജനിച്ചതെങ്കിലും ‘ആയിരം പാദസരങ്ങള്‍ കിലുങ്ങുന്ന’ പെരിയാറിന്റെ തീരത്ത് ജീവിക്കാനാണ് ലോഹിദാസ് കൊതിച്ചത്.
കഥയുടെ ചെങ്കോലും കിരീടവും തിരിച്ചുവാങ്ങി കാലം അദ്ദേഹത്തെ തിരിച്ച് വിളിച്ചതും ആലുവയില്‍ താമസിക്കുമ്പോള്‍ തന്നെയാണ്.
ലോഹിയും സംവിധായകന്‍ സിബി മലയിലും നടന്‍ മുരളിയും ആലുവ മണപ്പുറത്തെ കല്‍പ്പടവുകളിലിരുന്ന് സിനിമാ ചര്‍ച്ചകള്‍ നടത്തുകയും അയ്യപ്പപണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകള്‍ ചൊല്ലുകയും ചെയ്തിരുന്ന സന്ധ്യകള്‍ ആലുവക്കാര്‍ക്ക് ഇന്നും മറക്കാന്‍ കഴിയാത്ത ഒര്‍മ്മകളാണ്.
ശിവരാത്രിയോടനുബന്ധിച്ച് ഒരാഴ്ചത്തെ ദൃശ്യോല്‍സവം നടത്താനാണ് മണപ്പുറത്ത് മണ്ഡപം നിര്‍മ്മിച്ചത്. ഇതിന് ലോഹിതദാസിന്റെ പേരിട്ടത് തന്നെ പ്രത്യേക കാരണത്താലായിരുന്നു.
ആദ്യ ദൃശ്യോല്‍സവത്തിന്റെ ഉല്‍ഘാടകനായി നിശ്ചയിച്ചിരുന്നത് ലോഹിതദാസിനെയാണ് പക്ഷേ അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ല.
രണ്ടാമതും അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല.പിന്നീട് മൂന്നാമത്തെ ദൃശ്യോല്‍സവത്തിന് എന്തുതന്നെയായാലും പങ്കെടുക്കുമെന്ന് ലോഹി സംഘാടകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കെയായിരുന്നു അപ്രതീക്ഷിത ദുരന്തം.
ഇതെ തുടര്‍ന്ന് മൂന്നാമത്തെ ദൃശ്യോല്‍സവം ലോഹി അനുസ്മരണ ചടങ്ങാക്കി മാറ്റിയ അധികൃതര്‍ മന്ദിരത്തിന് അദ്ദേഹത്തിന്റെ പേരിടാന്‍ തീരുമാനിക്കുകയായിരുന്നു.
2010-ല്‍ ഇടത് ഭരണത്തില്‍ നഗരസഭ കൗണ്‍സില്‍ എടുത്ത തീരുമാനം ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാത്തതില്‍ ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.