ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളും നേടിയതിന്റെ വിജയാരവം അടങ്ങും മുമ്പെ യൂത്ത് കോണ്‍ഗ്രസ് പിടിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് മുറുകുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എയെ മുന്നില്‍ നിര്‍ത്തി എ ഗ്രൂപ്പും ശബരീനാഥ് എം.എല്‍.എയെ ഇറക്കി ഐ ഗ്രൂപ്പുമാണ് യൂത്ത് കോണ്‍ഗ്രസ് പിടിക്കാന്‍ പോരാടുന്നത്.
നിലവിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് ഇടുക്കി എ.പിയായതോടെയാണ് പുതിയ പ്രസിഡന്റിനെ തേടുന്നത്. നേരത്തെ തന്നെ ഡീന്‍ ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് കാമ്പയിനും പൂര്‍ത്തീകരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിലുണ്ടാകുന്ന അകല്‍ച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഭയന്ന് കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പിന് ശേഷം പുനസംഘടനയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
നിലവില്‍ ജില്ലാ പ്രസിഡന്റുമാര്‍ക്ക് പകരം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റും കമ്മിറ്റികളുമാണ് യൂത്ത് കോണ്‍ഗ്രസിനുള്ളത്. കേരളത്തില്‍ 20 പാര്‍ലമെന്റ് കമ്മിറ്റികളാണ് നിലവിലുള്ളത്. ഇത് പഴയപോലെ 14 ജില്ലാ തല കമ്മിറ്റികളാക്കി മാറ്റാനാണ് നീക്കം.
സംഘടനാതെരഞ്ഞെടുപ്പ് നടത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്തിയത്. കൂടുതല്‍ വോട്ട് നേടുന്നയാള്‍ പ്രസിഡന്റും തൊട്ടു പിന്നിലുള്ളയാള്‍ വൈസ് പ്രസിഡന്റ് എന്നിങ്ങനെയായിരുന്നു കമ്മിറ്റികള്‍. പരസ്പരം മത്സരിച്ച് ഭാരവാഹികളായവര്‍ തമ്മില്‍ പ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായിരുന്നില്ല. ഇത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.ഇടതുസര്‍ക്കാരിനെതിരെ കാര്യമായ പ്രക്ഷോഭങ്ങളൊന്നും നടത്താന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.
നിലവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം ചേര്‍ന്നിട്ടു തന്നെ മാസങ്ങളായി. പാര്‍ലമെന്റ് കമ്മിറ്റികളും നിര്‍ജീവാവസ്ഥയിലാണ്.
ടാലന്റ് ഹണ്ടും തെരഞ്ഞെടുപ്പും വഴി ഭാരവാഹികളായ പലര്‍ക്കും ജനങ്ങളുമായി ബന്ധമില്ലെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. മറ്റു രാഷ്ട്രീയക്കാരെപ്പോലും മെമ്പര്‍മാരായി ചേര്‍ത്തിയാണ് പലയിടത്തും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം അടിച്ചെടുത്തതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
പ്രതിപക്ഷത്താവുമ്പോള്‍ സമരത്തിലൂടെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുന്നത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവുമാണ്. എന്നാല്‍ രണ്ടു പോഷക സംഘടനകളും ഇപ്പോള്‍ നിര്‍ജീവ അവസ്ഥയിലാണ്.
ഒമ്പത് എം.എല്‍.എമാരുമായി കെ. കരുണാകരന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു. എ.കെ ആന്റണി മുതല്‍ ഡീന്‍കുര്യാക്കോസ് വരെ കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നു വന്ന നേതാക്കളാണിപ്പോള്‍ കോണ്‍ഗ്രസിന്റെ അമരത്തുള്ളത്. എന്നാല്‍ അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റിയ പഴയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മൂത്ത കോണ്‍ഗ്രസായിട്ടും യുവ നേതാക്കള്‍ക്കായി വഴിമാറുന്നില്ലെന്ന ആരോപണമാണ് കോണ്‍ഗ്രസിലെ യുവ നിരക്കുള്ളത്.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് മികച്ച പരിഗണനയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് നിയമസഭാ സീറ്റ് ഉറപ്പാണ്. ഇത്തവണ ലോക്‌സഭയിലേക്കും യുവനേതാക്കള്‍ക്ക് സീറ്റ് ലഭിക്കുകയും അവരെല്ലാം വിജയിക്കുകയും ചെയ്തു. എന്‍.എസ്.യു മുന്‍ ദേശീയ പ്രസിഡന്റ് ഹൈബി ഈഡന് എറണാകുളവും സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസിന് ഇടുക്കിയിലും ദേശീയ കോ ഓര്‍ഡിനേറ്റര്‍ രമ്യ ഹരിദാസിന് ആലത്തൂരും സീറ്റുകള്‍ ലഭിച്ചു. മൂന്നു പേരും വിജയിക്കുകയും ചെയ്തു. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കാര്യമായ പ്രക്ഷോഭങ്ങളൊന്നും ഉയര്‍ത്തികൊണ്ടുവരാന്‍ കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല.
ബന്ധുനിയമനത്തില്‍ പ്രതിപക്ഷത്തിന് പ്രക്ഷോഭത്തിനുള്ള അവസരം പോലും നല്‍കാതെയാണ് ഇ.പി ജയരാജനെ സി.പി.എം മാറ്റിയത്. ഫോണ്‍ കെണി വിവാദത്തില്‍ മന്ത്രി ശശീന്ദ്രനെയും നിമിഷങ്ങള്‍ക്കകം മാറ്റി. ഇരു മന്ത്രിമാരെയും മന്ത്രിസഭയില്‍ തിരിച്ചെടുത്തപ്പോഴും പ്രതിപക്ഷ പ്രതിഷേധം പ്രസ്താവനകളില്‍ ഒതുങ്ങി. മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം ഉയര്‍ന്നപ്പോഴും സമരം നടത്തി മന്ത്രിയെ രാജിവെപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനു കഴിഞ്ഞില്ല.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനവും പരിതാപകരമാണ്. യൂത്ത് കോണ്‍ഗ്രസിനെയും കെ.എസ്.യുവിനെയും സമരസജ്ജമാക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന തിരിച്ചറിവിലാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പിലെ തമ്മിലടി ഉള്ള ശക്തിയും ചോര്‍ത്തുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
ലോകസഭ തിരഞ്ഞെടുപ്പില്‍ ഗുണകരമായ അനുകൂല ഘടകങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്ന പ്രതീക്ഷയും അവര്‍ക്കില്ല. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഒരു സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടാല്‍ പോലും അത് വലിയ തിരിച്ചടിയാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പോലും കരുതുന്നത്.
Political Reporter