പ്രധാനമന്ത്രി പദത്തിനായി വാശിയില്ല, മോദി അധികാരത്തിലെത്തുന്നത് തടയും: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമന്ത്രി പദത്തിനായി വാശി പിടിക്കില്ലെന്ന് കോണ്‍ഗ്രസ്.

മോദി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

ഫലപ്രഖ്യാപനത്തിന് മുമ്പായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ അത് കോണ്‍ഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല, ഗുലാം നബി ആസാദ് വ്യക്തമാക്കി.

”ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. പ്രചാരണത്തിനിറങ്ങിയ തനിക്ക് മനസിലായത് ബിജെപി അധികാരത്തിലെത്തില്ലെന്ന് തന്നെയാണ്. നരേന്ദ്രമോദി ഇനിയൊരു തവണ കൂടി പ്രധാനമന്ത്രിയാവുകയില്ല. എന്‍ഡിഎ – ബിജെപി വിരുദ്ധ സര്‍ക്കാര്‍ ഇനി അധികാരത്തില്‍ വരും”, ആസാദിന്റെ വാക്കുകള്‍.

അതേസമയം, നേരത്തെ കോണ്‍ഗ്രസിന് മികച്ച നേട്ടമുണ്ടായാല്‍ രാഹുല്‍ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്.

Top