മോദിയോ രാഹുലോ, ആര് ഭരിക്കും ? 17-ാംമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ

ന്യൂഡല്‍ഹി: പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പോസ്റ്റൽ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണും. ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിങ് യന്ത്രത്തിലെ ഫലവുമായി ഒത്തു നോക്കുകയും ചെയ്യും.

വിവി പാറ്റ് രസീതുകൾ ആദ്യം എണ്ണണം എന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതംഗീകരിച്ചാൽ 11 മണിക്കോ 12 മണിക്കോ ശേഷമേ വോട്ടെണ്ണൽ തുടങ്ങൂ. അങ്ങനെയെങ്കിൽ ഫലസൂചനകൾ ഉച്ചക്ക് ശേഷമേ ഉണ്ടാകൂ. അതേസമയം വിവി പാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനമെടുത്തേക്കും.

ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകൾ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഉണ്ടാകും.

ഇന്ത്യന്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളോടൊപ്പം വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ച് തെര‍ഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം പരാതികൾ ഉയർന്ന സാഹചര്യത്തിൽ വോട്ടിംഗ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ, സിസിടിവി നിരീക്ഷണം, യന്ത്രങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുന്നത് തുടങ്ങിയ പരാതികൾ കൺട്രോൾ റൂമിൽ പൊതു ജനങ്ങൾക്ക് പരാതിപ്പെടാൻ ആകും.

Top