ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയാല്‍ അത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുേേഗാപാലിന്റെ മുഖ്യമന്ത്രിപദമോഹത്തിന് തിരിച്ചടിയാകും.
കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നീക്കമാണ് കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമാക്കിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും തമ്മില്‍ പോരടിച്ച് മത്സരിച്ച ജെ.ഡി.എസിന് മുഖ്യമന്ത്രി പദം നല്‍കി കെ.സിയാണ് കര്‍ണാടകയില്‍ താമരവിരിയുന്നതിന് തടയിട്ടിരുന്നത്.
കോണ്‍ഗ്രസ് എം.എല്‍.എമാരെ കാലുമാറ്റിച്ച് ഭരണം പിടിക്കാനാണ് കര്‍ണാടകയില്‍ ബി.ജെ.പി നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോക്‌സഭാ തരെഞ്ഞെടുപ്പിലെ മുന്നേറ്റത്തിനൊപ്പം ഭരണമാറ്റവും ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ ലക്ഷ്യമിടുന്നുണ്ട്. മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.
ഇത് ഏതുവിധേനയും തടയാനുള്ള തന്ത്രപ്പാടിലാണിപ്പോള്‍ കോണ്‍ഗ്രസ്. എന്നാല്‍ സ്വന്തം പാളയത്തിലും പട ശക്തമാണ്.കെ.സി വേണുഗോപാലിനെ കോമാളി എന്നുവിളിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് തന്നെ രംഗത്തെത്തിക്കഴിഞ്ഞു . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കെ.സി വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാവുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനാണ് കെ.സി വേണുഗോപാല്‍.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കെ.സിയെ നിയമിച്ച് രാഹുല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയാകെ ഞെട്ടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അനുയായിയായിരുന്ന കെ.സി, ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചെന്നിത്തലയേക്കാള്‍ വലിയ നേതാവായി മാറിക്കഴിഞ്ഞു. ഐ ഗ്രൂപ്പ് നേതൃത്വവും ചെന്നിത്തലയില്‍ നിന്നും പിടിക്കാനുള്ള കരുനീക്കത്തിലാണിപ്പോള്‍ വേണുഗോപാല്‍.
സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ സി.പി.എം എം.എല്‍.എ, ആരിഫ് എതിരാളിയായതോടെയാണ് കെ.സി മത്സരരംഗത്തുനിന്നും തന്ത്രപൂര്‍വം മാറി നിന്നത്. പകരം ഷാനിമോള്‍ ഉസ്മാനെയാണ് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം വന്നാല്‍ രാജ്യസഭാ എം.പിയായി കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനവും അദ്ദേഹം സ്വപ്‌നം കാണുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പായാല്‍ മുഖ്യമന്ത്രി സ്ഥാനമാണ് കെ.സി വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ വെട്ടി ഹൈക്കമാന്റ് പിന്തുണയോടെ മുഖ്യമന്ത്രിയാവാനുള്ള കരുനീക്കമാണ് കെ.സി നടത്തിവരുന്നത്.
ജി.കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ ലൈംഗിക അപവാദം ഉയര്‍ത്തി മന്ത്രിസ്ഥാനം നേടാന്‍ കെ.സി കരുനീക്കിയെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ചെന്നിത്തലക്കും കാര്‍ത്തികേയനുമൊപ്പം തിരുത്തല്‍വാദത്തിലും പിന്നീട് മൂന്നാം ഗ്രൂപ്പിലുമായിരുന്നു കെ.സി വേണുഗോപാല്‍. ലീഡര്‍ കെ.കരുണാകരന്റെ വിശ്വസ്ഥനായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ കെ.സി വേണുഗോപാല്‍ സംസ്ഥാന മന്ത്രിയും കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയുമായിട്ടുണ്ട്.
സരിതയുടെ സോളാര്‍ അപവാദം കത്തിനില്‍ക്കുമ്പോഴാണ് കഴിഞ്ഞ തവണ ആലപ്പുഴ എം.പിയായത്. ആലപ്പുഴ മുന്‍ എം.പികൂടിയായ വി.എം സുധീരന്റെ ശക്തമായ പിന്തുണയാണ് കെ.സിയെ അന്ന് തുണച്ചത്.
ഇത്തവണ മത്സരരംഗത്തുനിന്നും മാറിനിന്ന് മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാനുള്ള കെ.സിയുടെ നീക്കത്തെ ആശങ്കയോടെയാണ് എ, ഐ ഗ്രൂപ്പുകള്‍ നോക്കികാണുന്നത്. കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടാല്‍ കെ.സിയെ വെട്ടിനിരത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത് പുതിയ ആയുധമാകും.