നേതാക്കളെ വെവ്വേറെ കണ്ട് പ്രിയങ്ക ഗാന്ധി, ലോക്‌സഭ തെരഞ്ഞെടുപ്പ് ആലോചനകള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി ചര്‍ച്ച നടത്തി.

ഓരോ നേതാക്കളെയും വെവ്വേറെ കണ്ട് കോണ്‍ഗ്രസ് പരാജയപ്പെടാന്‍ എന്താണ് കാരണമായി കാണുന്നതെന്ന് പ്രിയങ്ക ആരാഞ്ഞു.

സംസ്ഥാനത്തെ 403 സീറ്റുകളില്‍ 400 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 2.33 ശതമാനം വോട്ടാണ് ആകെ നേടാന്‍ കഴിഞ്ഞത്. 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു.

സ്ത്രീ പ്രശ്‌നങ്ങളെ ഉന്നയിച്ചു കൊണ്ട് പ്രിയങ്ക ഗാന്ധി മികച്ച പ്രചരണം നടത്തിയെങ്കിലും അത് വോട്ടാക്കാന്‍ കഴിഞ്ഞില്ല. മികച്ച ഫലം കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. പ്രമോദ് തിവാരി, ആചാര്യ പ്രമോദ് ക്രിഷന്‍, സതീഷ് അജ്മാനി, അജയ് റായ്, അജയ് കുമാര്‍ ലല്ലു, വീരേന്ദര്‍ ചൗധരി എന്നിവരുമായാണ് പ്രിയങ്ക ചര്‍ച്ച നടത്തിയത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയും ചര്‍ച്ചകള്‍ നടന്നു.

 

Top