തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന്‍ രംഗത്ത്.
ചാലക്കുടി മണ്ഡലത്തില്‍ സുധീരനെ സ്ഥാനാര്‍ത്ഥിയാക്കുവാനായിരുന്നു ഹൈക്കമാന്‍ഡിന്റെ നീക്കം. എന്നാല്‍ മത്സരിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് തന്നെയാണ് സുധീരന്‍ പറഞ്ഞിരിക്കുന്നത്.
ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴേ നിലപാട് വ്യക്തമാക്കിയതാണെന്നും 25 വര്‍ഷം എംപിയായും എല്‍എല്‍എയായും പാര്‍ലമെന്ററി രംഗത്തുണ്ടായിരുന്നുവെന്നും ഇനി മത്സരത്തിന് ഇല്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണെന്നും പുതിയ ആള്‍ക്കാര്‍ മത്സര രംഗത്തേയ്ക്ക് വരട്ടെയെന്നും സുധീരന്‍ വ്യക്തമാക്കി.
ജനസമ്മതിയുള്ള പുതിയ ചെറുപ്പക്കാരെയാണ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ആവശ്യമുള്ളത്. പുതിയ ആളുകള്‍ വന്നാല്‍ മാത്രമായിരിക്കും പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുകയുള്ളൂ. ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാലും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല, സുധീരന്‍ കൂട്ടിച്ചേര്‍ത്തു.