തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ല, നിലപാട് കടുപ്പിച്ച് കണ്ണന്താനം

Kannanthanam

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് കടുപ്പിച്ച് അല്‍ഫോന്‍സ് കണ്ണന്താനം. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കാണ് മുന്‍തൂക്കം. തൃശ്ശൂരില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദ്ധത്തിന്റെ ഭാഗമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലാണ്.

പത്തനംതിട്ടയിലും തൃശ്ശൂരിലും ഒരേപോലെ പരിഗണിക്കപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് സമിതിയുടെ പരിഗണനയിലുള്ള പട്ടികയില്‍ സുരേന്ദ്രന്റെ പേരില്ല. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നുറപ്പാണ്. അതിനാല്‍ കേന്ദ്രനേതൃത്വം ഇടപെട്ട് അവസാന നിമിഷം പട്ടികയില്‍ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.

പാലക്കാട് സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. എംടി രമേശും മത്സരിച്ചേക്കില്ല.

ഇപ്പോഴുള്ള സാഹചര്യത്തില്‍ മൂന്ന് ജനറല്‍ സെക്രട്ടറിമാരും മറ്റ് ചില മുന്‍നിര നേതാക്കളും പട്ടികയില്‍ ഇടം പിടിക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മുന്‍ പിഎസ്സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ മത്സരിച്ചേക്കും.

Top