ചെന്നൈ: ലോക്സഭാതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കരുത്ത് തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രചാരണക്കളത്തിലിറക്കാന്‍ ബിജെപി. സംസ്ഥാനത്ത് തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടത്തുകയാണ് മോദി. ഈ മാസം 15ന് സേലത്ത് അദ്ദേഹം വീണ്ടും പ്രചാരണത്തിനായെത്തും. കഴിഞ്ഞ ഒരുമാസത്തിനിടെയുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ, ഡിഎംഡികെ, പിഎംകെ, പുതിയ തമിഴകം, തമിഴ് മാനില കോണ്‍ഗ്രസ്, പുതിയ നീതി കക്ഷി എന്നിവയാണ് ബിജെപിക്കൊപ്പം എന്‍ഡിഎയിലുണ്ടായിരുന്നത്. എന്നാല്‍, ഇക്കുറി അണ്ണാ ഡിഎംകെ ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ പിഎംകെ, ഡിഎംഡികെ എന്നിവയെ കൂടെനിര്‍ത്താനാണ് പദ്ധതിയിട്ടതെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ജി കെ വാസന്റെ തമിഴ് മാനില കോണ്‍ഗ്രസും നടന്‍ ശരത്കുമാറിന്റെ സമത്വമക്കള്‍ കക്ഷിയും എ സി ഷണ്‍മുഖന്റെ പുതിയ നീതി കക്ഷിയും പോലുള്ള ചെറുപാര്‍ട്ടികള്‍മാത്രമാണ് നിലവില്‍ ബിജെപിയുമായി സഖ്യത്തിലുള്ളത്. അണ്ണാ ഡിഎംകെ വിമതനേതാവ് ഒ പനീര്‍ശെല്‍വവും ടി ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും എന്‍ഡിഎ സഖ്യത്തിലേക്കെത്തുമെന്ന് സൂചനയുണ്ട്.സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും പ്രധാനമന്ത്രിയുടെ വരവ് പാര്‍ട്ടിയെ ആവേശത്തിലാക്കുന്നുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഭരണത്തിലേറിയത് ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ തേരോട്ടത്തിന് പ്രതിസന്ധിയായിരുന്നു. ഇതിനെ മറികടക്കാനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയെത്തന്നെ കളത്തിലിറക്കുന്നതെന്നാണ് വിലയിരുത്തല്‍.
സേലത്തും കന്യാകുമാരിയിലും കോയമ്പത്തൂരിലും പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കോയമ്പത്തൂര്‍, ഈറോഡ്, സേലം, നാമക്കല്‍, കരൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ മോദി അഭിസംബോധനചെയ്യുന്നതിലൂടെ കൊങ്കുനാടുമേഖലയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് ബിജെപിയുടെ നീക്കം. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകരെ യോഗത്തില്‍ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. 16നാണ് കന്യാകുമാരിയില്‍ പൊതുയോഗം. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, തെങ്കാശി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ യോഗത്തില്‍ പരിചയപ്പെടുത്തും. കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ കന്യാകുമാരിയില്‍നിന്നാണ് പ്രധാനമന്ത്രി പ്രചാരണയോഗങ്ങള്‍ ആരംഭിച്ചിരുന്നത്. 18നാണ് കോയമ്പത്തൂരില്‍ പൊതുയോഗം നടക്കുക.