തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ആറ്റിങ്ങലില്‍ കേന്ദ്രസഹമന്ത്രി കൂടിയായ വി. മുരളീധരന്‍ മത്സരിക്കുമെന്നാണ് സൂചന. ആറ്റിങ്ങലിന് പകരം ശോഭയ്ക്ക് കൊല്ലം നല്‍കുമെന്ന ധാരണയില്‍ ബിജെപി എത്തിയിരുന്നു. എന്നാല്‍ ശോഭയ്ക്ക് കൊല്ലം മണ്ഡലവും നല്‍കില്ലെന്നാണ് വിവരം. പകരം ബിഡിജെഎസിനാകും കൊല്ലം നല്‍കുക.
തിരുവനന്തപുരത്തിനും തൃശൂരിനുമൊപ്പം താരപരിവേഷമേറെയുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു. ഈഴവ വോട്ടുകള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ ശോഭയെ മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം. പകരം ആറ്റിങ്ങലില്‍ വി. മുരളീധരനെത്തും. മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ അടക്കം വി.മുരളീധരന്‍ സജീവമാണ്.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തിലെത്തിയ അനില്‍ ആന്റണി കോട്ടയത്തുനിന്ന് മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. യുവ നടന്‍ ഉണ്ണി മുകുന്ദനും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.