പി.ജെ.ജോസഫിന് സീറ്റ് നല്‍കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തി മോന്‍സ് ജോസഫ്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിന് സീറ്റ് നല്‍കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തി മോന്‍സ് ജോസഫ് എംഎല്‍എ. സീറ്റ് നിഷേധിച്ചതില്‍ ഏറെ വിഷമമമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഏറെ വിഷമമുണ്ടെന്നും മോന്‍സ് വ്യക്തമാക്കി.

പ്രശ്‌നത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക സ്റ്റിയറിംഗ് കമ്മിറ്റിയും പാര്‍മെന്ററി പാര്‍ട്ടിയും യോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും മോന്‍സ് ആരോപണം ഉന്നയിച്ചു.

അതേസമയം, കേരള കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ എത്തിയ ശേഷം പ്രശ്നത്തില്‍ ഇടപെടുമെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എത്രയും വേഗത്തില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ പിജെ ജോസഫും കെഎം മാണിയും തയ്യാറാകണമെന്നും പ്രശ്‌ന പരിഹാരം ആദ്യം ഉണ്ടാകേണ്ടത് കേരളാ കോണ്‍ഗ്രസിനകത്താണെന്നും കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ മുന്നണി നേതൃത്വം അടിയന്തരമായി ഇടപെടുമെന്നും പ്രശ്‌നം ഗൗരവമായി തന്നെയാണ് മുന്നണി കാണുന്നതെന്നും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ പാളിച്ച ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top