വയനാട്: കേരളത്തില്‍ ഇടതു മുന്നണിയുടെ വിജയം ആദ്യമെത്തുന്ന മണ്ഡലം വയനാട് ആയിരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നത് കോണ്‍ഗ്രസിന്റെ പൊള്ളയായ അവകാശ വാദം മാത്രമാണെന്നും കോണ്‍ഗ്രസ് മുമ്പും ഇത്തരത്തിലുള്ള കണക്കുകളുമായി എത്തിയിരുന്നുവെന്നും എന്നാല്‍ ഫലം വിപരീതമായിരുന്നെന്നും പി പി സുനീര്‍ പരിഹസിച്ചു.
ഈ ദിവസങ്ങളില്‍ വയനാട് മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ 10 വര്‍ഷമായി മണ്ഡലത്തില്‍ ഒന്നും നടന്നിട്ടില്ല. വയനാട്ടിലെ കര്‍ഷകര്‍ വലിയ പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്. ഒരിക്കല്‍ക്കൂടി യുഡിഎഫിന് വോട്ട് നല്‍കാന്‍ വയനാട്ടിലെ ജനം തയ്യാറാകില്ല, പി പി സുനീര്‍ വ്യക്തമാക്കി.
വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെല്ലാത്ത പല സ്ഥലങ്ങളുമുണ്ട്. എന്നാല്‍ എല്ലാവരെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ താന്‍ ശ്രമിച്ചു. അവസാന സമയങ്ങളിലും പരമാവധി ആളുകളെ നേരിട്ട് കാണാനാണ് ശ്രമിക്കുന്നത്, സുനീര്‍ കൂട്ടിച്ചേര്‍ത്തു.