ലോക്സഭാ തിരഞ്ഞെടുപ്പ്;സ്ഥാനാർത്ഥി നിർണ്ണയം അർദ്ധരാത്രിയിൽ യോഗത്തിൽ പങ്കെടുത്ത് മോദി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രിയും ബിജെപിയുടെ ഉന്നതതലയോഗം. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് അതിന്റെ ഭാഗമായിട്ടാണ് ഉന്നത നേതാക്കളുടെ യോഗം ചേര്‍ന്നത്.

പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനം ഇപ്പോള്‍ പരിഗണനയിലില്ല. പഞ്ചാബില്‍ അകാലിദള്‍, ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി, ജനസേന, തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എന്നിവരുമായി സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ചയുടെ ഭാഗമാകാതിരുന്നത്. ഓരോ മണ്ഡലങ്ങളിലും ആദ്യ മൂന്ന് സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള ഷോര്‍ട്ട്‌ലിസ്റ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് 10 ന് മുമ്പ് 50 ശതമാനത്തിലേറെ ലോക്‌സഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 2019ലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി 164 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു.മുതിര്‍ന്ന നേതാക്കളായ ദേവേന്ദ്ര ഫട്നാവിസ്, പ്രകാശ് ജാവദേക്കര്‍, മന്‍സുഖ് മാണ്ഡവ്യ, പുഷ്‌കര്‍ ധാമി, പ്രമോദ് സാവന്ത്, ഭൂപേന്ദ്ര യാദവ്, ജ്യോതിരാദിത്യ സിന്ധ്യ, കേശവ് മൗര്യ, യോഗി ആദിത്യനാഥ് തുടങ്ങിയവരും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് അര്‍ധരാത്രി നടന്ന യോഗത്തില്‍ സന്നിഹിതരായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, തെലങ്കാന, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ യോഗത്തില്‍ ചര്‍ച്ചയായി.

പ്രധാനമന്ത്രി മോദി, അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ സംബന്ധിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക വിശദമായി വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സ്വവസതിയില്‍ അമിത് ഷായും നദ്ദയുമായും പ്രത്യേക കൂടിക്കാഴ്ചയും നടത്തി. അതേസമയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ബിജെപി ഓഫീസില്‍ നിലവില്‍ പരിഗണയിലുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പരിശോധിച്ചു.

Top