പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം യഥാർത്ഥത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത് യു.ഡി.എഫിനാണ്. പുതിയ വോട്ട് ബാങ്ക് സൃഷ്ടിച്ച് കേരളത്തിൽ വോട്ട് ഉറപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ യു.ഡി.എഫ് വോട്ട് ബാങ്കിലാണ് വിള്ളൽ വീഴാൻ പോകുന്നത്. അതിന്റെ തോത് എത്രമാത്രമാണ് എന്നതാണ് ഇനി കണ്ടറിയേണ്ടത്. ബി.ജെ.പിയും മോദിയും ലക്ഷ്യമിടുന്ന ക്രൈസ്തവ വിഭാഗങ്ങളിൽ നല്ലൊരു വിഭാഗവും നിലവിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളാണ്. ഇവരുടെ പിന്തുണ ഉണ്ടായിട്ടു പോലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ യു.ഡി.എഫിനു കഴിഞ്ഞിരുന്നില്ല. ഇതിന് രാഷ്ട്രീയ പരമായ കാരണങ്ങളാണ് സ്വാധീനം ചെലുത്തിയിരുന്നത്.
പി.ജെ. ജോസഫിനെ ഒപ്പം നിർത്തി ജോസ് കെ മാണി വിഭാഗത്തെ അവഗണിക്കാൻ എടുത്ത തീരുമാനമാണ് ഇതിൽ പ്രധാനം. ഏതെങ്കിലും ക്രൈസ്തവ സഭ എന്നതിലുപരി ക്രൈസ്തവ വോട്ടുകളിൽ നല്ലൊരു പങ്കും നേടാൻ ജോസ് കെ മാണി വിഭാഗത്തിനാണ് കഴിഞ്ഞിരുന്നത്. സി.പി.എമ്മിന്റെ ഉറച്ച രാഷ്ട്രീയ പിന്തുണയും ജോസ് കെ മാണി വിഭാഗത്തിനാണ് ഗുണം ചെയ്തിരുന്നത്. ഇടതുപക്ഷ വോട്ടുകൾക്കൊപ്പം ജോസ് കെ മാണിയെ പിന്തുണയ്ക്കുന്ന വോട്ടുകൾ കൂടി എത്തിയതാണ് യു.ഡി.എഫിന് ക്രൈസ്തവ മേഖലകളിൽ വലിയ തിരിച്ചടിക്ക് കാരണമായിരുന്നത്. നിലവിൽ ലഭിച്ച വോട്ടുകളിൽ ഇനിയും ചോർച്ച ഉണ്ടായാൽ കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾക്കു പോലും പാർലമെന്റ് കാണാൻ സാധിക്കുകയില്ല.
ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടയായ പത്തനംതിട്ട, കോട്ടയം, ചാലക്കുടി, മാവേലിക്കര, ഇടുക്കി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ യു.ഡി.എഫിന്റെ നില പരുങ്ങലിൽ തന്നെയാണ്. പരമ്പരാഗത ക്രൈസ്തവ വോട്ടുകൾ കൈവിട്ടാൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്കാണ് അടി തെറ്റുക. ബി.ജെ.പി ഒരു ചെറിയ ശതമാനം ക്രൈസ്തവ വോട്ടുകൾ പിടിച്ചാൽ പോലും വലിയ പ്രത്യാഘാതം പല മണ്ഡലങ്ങളിലും സംഭവിക്കും.
ഇടതുപക്ഷത്തിനാകട്ടെ കേരള കോൺഗ്രസ്സിന്റെ വരവോടെ ഇപ്പോൾ തന്നെ ക്രൈസ്തവ വോട്ടുകളിൽ നല്ലൊരു ശതമാനത്തിന്റെ പിന്തുണയുണ്ട്. ഏതെങ്കിലും മതപുരോഹിതർ മറുകണ്ടം ചാടിയാൽ ഒലിച്ചു പോകുന്ന വോട്ടുകളല്ല അത്. യു.ഡി.എഫിൽ ഇരുന്നപ്പോൾ കേരള കോൺഗ്രസ്സിനു ലഭിച്ച കോട്ടയം സീറ്റു തന്നെ അവർക്ക് മത്സരിക്കാൻ നൽകാനാണ് സി.പി.എമ്മിലെ ധാരണ. കേരള കോൺഗ്രസ്സിന്റെ പിന്തുണയിൽ ഇടുക്കിയിലും പത്തനംതിട്ടയിലും സി.പി.എം വിജയ പ്രതീക്ഷയും കാണുന്നുണ്ട്. ചാലക്കുട്ടി മണ്ഡലത്തിലെ ചില ഭാഗങ്ങളിലും കേരള കോൺഗ്രസ്സിന് സ്വാധീനമുണ്ട്. പുതിയ സാഹചര്യത്തിൽ എറണാകുളത്ത് ക്രൈസ്തവ മേഖലയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സ്ഥാനാർത്ഥിയെ ഇടതുപക്ഷം നിർത്തിയിൽ അവിടെയും തീ പാറുന്ന മത്സരമാണ് നടക്കാൻ പോകുന്നത്.
ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്ന തൃശൂരിൽ ക്രൈസ്തവ വോട്ടുകൾ ഭിന്നിക്കുകയും ഭൂരിപക്ഷ വോട്ടുകളിൽ ഏകീകരണം സംഭവിക്കുകയും ചെയ്താൽ ബി.ജെ.പിക്കാണ് വിജയ സാധ്യത ഉള്ളത്. ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്ന മറ്റൊരു മണ്ഡലമായ തിരുവനന്തപുരത്തും രാഷ്ട്രീയ – സാമുദായക അട്ടിമറി ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളായ ഈ മണ്ഡലങ്ങളിൽ ബി.ജെ.പി വിജയിച്ചാൽ യു.ഡി.എഫിൽ അത് വലിയ ആഭ്യന്തര സംഘർഷത്തിനും കാരണമാകും. നിലവിൽ ഇടതുപക്ഷത്ത് സി.പി.ഐ ആണ് തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളിൽ താമര വിരിയിക്കാതിരിക്കാൻ സി.പി.എം ഈ സീറ്റുകൾ ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. അതല്ലങ്കിൽ, സി.പി.എമ്മിനു കൂടി സ്വീകാര്യനായ ശക്തനായ ഒരു സ്ഥാനാർത്ഥിയെ സി.പി.ഐക്ക് കണ്ടെത്തേണ്ടതായും വരും.
ബി ജെ.പി കേരളത്തിൽ നിന്നും ഒരു അക്കൗണ്ട് തുറക്കരുതെന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ വാശി തന്നെയാണ്. അതേസമയം, എന്തു വില കൊടുത്തും ഇത്തവണ ഒരു എം.പിയെ സൃഷ്ടിച്ചിരിക്കും എന്ന വാശിയിലാണ് ബി.ജെ.പി നേതൃത്വവും മുന്നോട്ട് പോകുന്നത്. ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കാത്ത സാഹചര്യം ഉണ്ടായാൽ ബി.ജെ.പി സംസ്ഥാന ഘടകത്തെ തന്നെ കേന്ദ്ര നേതൃത്വം പിരിച്ചു വിടുമെന്ന ഭയവും സംസ്ഥാന നേതാക്കൾക്കുണ്ട്. പുതു തലമുറയുടെ വോട്ടുകളും ക്രൈസ്തവ വിഭാഗങ്ങളിൽ ഒരു വിഭാഗത്തിന്റെ വോട്ടുമാണ് കൂടുതലായി ഇത്തവണ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. കൊച്ചിയിൽ നടന്ന ‘യുവം’ പരിപാടിയും ക്രൈസ്തവ അനുകൂല നിലപാടും മോദിയുടെ റോഡ് ഷോയും എല്ലാം ഈ അജണ്ട മുൻ നിർത്തി സംഘടിപ്പിക്കപ്പെട്ടവയാണ്. ഇത്തരം പരിപാടികൾ ഇനിയും സംഘടിപ്പിക്കാൻ തന്നെയാണ് ബി.ജെ.പി തീരുമാനം.
ഇതിനു പുറമെ ആം ആദ്മി പാർട്ടിയും 20 ലോകസഭ സീറ്റുകളിലും മത്സരിക്കാൻ രംഗത്തുണ്ടാകും. ഇതോടെ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശക്തമായ മത്സരത്തിനാണ് ലോകസഭ തിരഞ്ഞെടുപ്പ് വേദിയാകുക. കേരളത്തിലെ പ്രതിപക്ഷ വോട്ടുകളിലാണ് ഇത്തരമൊരു മത്സരം കൂടുതൽ ഭിന്നിപ്പുണ്ടാക്കുക. അങ്ങനെ സംഭവിച്ചാൽ വലിയ നേട്ടം കൊയ്യുക ഇടതുപക്ഷമാണ്. മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ 17 സീറ്റുകളിൽ വരെ ഇടതുപക്ഷത്തിന് സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷത്തെ സംബന്ധിച്ച് സീറ്റുകൾ വർദ്ധിപ്പിക്കുക എന്നത് അഭിമാന പ്രശ്നം കൂടിയാണ്. വയനാട്ടിൽ രാഹുൽ മത്സരിച്ച എഫക്ടിൽ 20-ൽ 19 സീറ്റുകളും തൂത്തുവാരിയ യു.ഡി.എഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണിത്.
രണ്ട് സീറ്റുകൾ ഉള്ള മുസ്ലീം ലീഗും ഇത്തവണ പൊന്നാനിയിൽ ശരിക്കും വിയർക്കും നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം പതിനായിരത്തോളം വോട്ടിന്റെ വ്യത്യാസം മാത്രമാണ് പൊന്നാനി ലോകസഭ സീറ്റിൽ ഇടതുപക്ഷവുമായുള്ളത്. ഇത്തവണ പൊന്നാനി മണ്ഡലം പിടിച്ചെടുക്കാൻ കെ.ടി ജലീലിനേയോ മന്ത്രി വി അബ്ദു റഹ്‌മാനേയോ രംഗത്തിറക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. മുസ്ലീം സമുദായത്തിനിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം വർദ്ധിച്ച സാഹചര്യത്തിൽ പൊന്നാനി കൈവിടാതിരിക്കാൻ സിറ്റിംഗ് എം.പിയെ മാറ്റി പരീക്ഷിക്കാൻ ലീഗ് തയ്യാറായാൽ പോലും അതഭുതപ്പെടേണ്ടതില്ല.
മലബാറിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. മൂന്ന് മണ്ഡലങ്ങളിലും മികച്ച സ്ഥാനാർത്ഥികൾ തന്നെയാണ് രംഗത്തുണ്ടാകുക. ചുവപ്പ് കോട്ടയായ പാലക്കാട് ജില്ലയിലെ ആലത്തൂർ, പാലക്കാട് ലോകസഭ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ഇപ്പോൾ തന്നെ സി.പി.എം അണികൾ പ്രവർത്തനം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. മറ്റൊരു ചുവപ്പ് കോട്ടയായ കൊല്ലത്ത് ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് തീരുമാനം. എം.സ്വരാജ്, സി.എസ്. സുജാത എന്നിവരുടെ പേരുകളാണ് ഈ മണ്ഡലത്തിൽ സജീവമായി ഉയർന്നിരിക്കുന്നത്.
ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെ ഏതെങ്കിലും നേതാക്കളുടെ വ്യക്തി താൽപ്പര്യത്തിൽ ഒരു സ്ഥാനാർത്ഥിയും ഉണ്ടാകരുതെന്നതാണ് സി.പി.എം അണികളുടെ വികാരം. അങ്ങനെ സംഭവിച്ചാൽ മുൻപ് ആലത്തൂർ സംഭവിച്ചതിന് സമാനമായ തിരിച്ചടി ഉണ്ടാകുമെന്നതാണ് അവരുടെ ഭയം. ആറ്റിങ്ങലിൽ അടൂർ പ്രകാശിനെതിരെയും വ്യക്തമായ പ്ലാനുകൾ സി.പി.എമ്മിനുണ്ട്. സി.പി.എമ്മിന്റെ ശക്തമായ വോട്ടുബാങ്കായ ഈഴവ വിഭാഗത്തെ വിശ്വാസത്തിൽ എടുക്കുന്ന പ്ലാനാണത്. സംസ്ഥാനത്ത് സിറ്റിംഗ് സീറ്റായ ആലപ്പുഴ നിലനിർത്തുന്നതോടൊപ്പം പരമാവധി സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് ഇടതിന്റെ സ്ട്രാറ്റജി.
EXPRESS KERALA VIEW