ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നോടിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് സീറോ മലബാര്‍ സഭ. ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം. വന്യജീവി ആക്രമണത്തിന് പരിഹാരം കണ്ടെത്തണമെന്നും EWS മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നുമാണ് സഭ മുന്നോട്ട് വെക്കുന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍.
നിലവിലെ വനം വന്യജീവി നിയമങ്ങള്‍ മനുഷ്യ പക്ഷത്തുനിന്ന് മാത്രമേ നടപ്പാക്കാവൂ എന്ന്, സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമ്പോള്‍ തന്നെ മനുഷ്യവിരുദ്ധ വകുപ്പുകള്‍ പൂര്‍ണമായി ഒഴിവാക്കി നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാകും പരിഗണന ഉണ്ടാവുക എന്ന മുന്നറിയിപ്പാണ് സീറോ മലബാര്‍ സഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സംവരണ മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സീറോ മലബാര്‍ സഭ മുന്നോട്ടുവെക്കുന്ന രണ്ടാമത്തെ ആവശ്യം. സംസ്ഥാനത്തെ വന്യജീവി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന ആവശ്യവും സഭ മുന്നോട്ട് വെക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മുന്നില്‍ നിലപാട് തുറന്നു പറയുകയാണ് സീറോ മലബാര്‍ സഭ. ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്ക അവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം.